കൊൽക്കത്ത : പശ്ചിമ ബംഗാളിലെ രാജ്നഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി ക്യാമ്പിൽ നിന്നുള്ള സ്ഥാനാർത്ഥിയായ റബിയുൾ ആലം ചൗധരി മത്സരിക്കില്ലെന്നും നാമനിർദ്ദേശം പിൻവലിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ തീരുമാനം പുനഃപരിശോധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
നന്ദിഗ്രാമിൽ മമത ബാനർജിയുടെ സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ ഡേ സ്ഥാനാർത്ഥിത്വം പിൻവലിച്ചതിന് പിന്നാലെയാണ് രാജ്നഗറിലും സ്ഥാനാർത്ഥി പിന്മാറിയത്. നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ച് മമത ബാനർജി രംഗത്തെത്തിയിരുന്നു . അതിനു പിന്നാലെയാണ് മിലൻ പ്രധാനെ അറസ്റ്റ് ചെയ്തതെന്നാണ് മമത ആരോപിച്ചത് . എന്നാൽ മിലൻ കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണ് ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതെന്നായിരുന്നു റബിയുൾ ആലം ചൗധരി നേരത്തെ പ്രഖ്യാപിച്ചിരുന്നത് . നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ബുദ്ധിമുട്ടാകുന്നുമായിരുന്നു ചൗധരിയുടെ ആരോപണം. മമത ബാനർജിയുമായി സംസാരിച്ചതായും , തന്റെ തീരുമാനം പുനഃപരിശോധിക്കുമെന്നുമാണ് ഇപ്പോൾ ചൗധരി പറയുന്നത് .

