ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങൾ, ആണവ പരീക്ഷണ കേന്ദ്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഭൂകമ്പങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ടാകാമെന്ന് പഠന റിപ്പോർട്ട് . 2017-ൽ രാജ്യം നടത്തിയ അവസാന പരീക്ഷണത്തിന് ശേഷവും ഈ ഭൂകമ്പങ്ങളുടെ ആവൃത്തിയും തീവ്രതയും കാലക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പുതിയ പഠനം കണ്ടെത്തി.
കഴിഞ്ഞ 2,000 വർഷമായി ശാന്തമായിരുന്ന മൗണ്ട് മന്റാപ്പിലും പരിസരപ്രദേശങ്ങളിലും ഭൂകമ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ 2008 മുതൽ 2025 വരെയുള്ള ഭൂകമ്പ വിവരങ്ങൾ പരിശോധിച്ച ശാസ്ത്രജ്ഞർ, 2006-നും 2017-നും ഇടയിൽ ഉത്തര കൊറിയ ആറ് ഭൂഗർഭ ആണവ പരീക്ഷണങ്ങൾ നടത്തിയതായും ഈ പർവതത്തിന് ചുറ്റും 1,399 ഭൂകമ്പങ്ങൾ ഉണ്ടായതായും കണ്ടെത്തി.
ആണവ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട ഭൂകമ്പങ്ങൾ സാധാരണയായി പരീക്ഷണത്തിന് ശേഷം വർഷങ്ങളോളം വർദ്ധിച്ചുകൊണ്ടിരിക്കാറില്ല എന്നാൽ ഉത്തരകൊറിയയിലെ ഈ കണ്ടെത്തലുകൾ അസാധാരണമാണ്. ഉത്തര കൊറിയയുടെ മൂന്നാമത്തെ ആണവ പരീക്ഷണത്തിന് ശേഷം 2013-ലാണ് ഈ പ്രദേശത്ത് ആദ്യമായി ഭൂകമ്പം രേഖപ്പെടുത്തിയത്. എന്നാൽ തുടർന്നുള്ള വർഷങ്ങളിലും ഇവിടെ ചെറിയ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഭൂകമ്പങ്ങളുടെ ആവൃത്തിയും തീവ്രതയും സൂചിപ്പിക്കുന്ന ‘സീസ്മിസിറ്റി’ അഥവാ ഭൂകമ്പ പ്രവർത്തനങ്ങൾ “2017 വരെ വളരെ കുറവായിരുന്നുവെന്നും, എന്നാൽ ആറാമത്തെതും ഏറ്റവും വലുതുമായ സ്ഫോടനത്തിന് ശേഷം ഭൂകമ്പങ്ങൾ ഗണ്യമായി വർദ്ധിച്ചുവെന്നും” പഠനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു.2017-ലെ പരീക്ഷണം 6.3 തീവ്രതയുള്ള ഭൂകമ്പത്തിന് കാരണമായി. ഇത് ഒരു തുരങ്കം തകരുന്നതിനും പർവതശിഖരത്തിന്റെ ആകൃതിയിൽ ഏകദേശം 3 മീറ്ററോളം മാറ്റം വരുന്നതിനും കാരണമായി .
പരീക്ഷണങ്ങൾക്ക് ശേഷം രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾക്ക് വലിയ തീവ്രതയുണ്ടായിരുന്നില്ല. ഭൂരിഭാഗം ഭൂകമ്പങ്ങളുടെയും തീവ്രത 2-നും 3-നും ഇടയിലായിരുന്നുവെന്നും അവ താരതമ്യേന കുറഞ്ഞ ആഴത്തിലാണ് ഉണ്ടായതെന്നും പുസാൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ജിയോളജിക്കൽ സയൻസസ് വിഭാഗം പ്രൊഫസറായ കിം പറഞ്ഞു. ഉത്തര കൊറിയ ആണവ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് ഭൂകമ്പ പ്രവർത്തനങ്ങൾ വളരെ കുറവായിരുന്നു എന്നും ഗവേഷണ സംഘം കണ്ടെത്തി.
2017-ലെ സ്ഫോടനത്തിന് ശേഷം മൗണ്ട് മന്റാപ്പിന് താഴെയുള്ള ഭൂപ്രദേശം അതിന്റെ പഴയ അവസ്ഥയിലേക്ക് മടങ്ങിയിട്ടില്ല എന്നതാകാം ഭൂകമ്പങ്ങളുടെ വർദ്ധനവിന് കാരണമെന്ന് ഗവേഷകർ കരുതുന്നു . സ്ഫോടനം മലയ്ക്കുള്ളിലെ പഴയതും നിഷ്ക്രിയവുമായിരുന്ന വിള്ളലുകളെ വീണ്ടും സജീവമാക്കിയിട്ടുണ്ട് . കൂടാതെ, സ്ഫോടനം മൂലം പാറകളിൽ ഉണ്ടായ പുതിയ വിള്ളലുകളിൽ വെള്ളം നിറയുകയും ചെയ്തു. ഈ ‘പോർ പ്രഷർ’ (പാറയ്ക്കുള്ളിലെ വിടവുകളിലെ ജലമർദ്ദം) പാറകൾ പരസ്പരം തെന്നിനീങ്ങുന്നതിന് കാരണമാവുകയും, അതുവഴി തുടർച്ചയായി ചെറിയ ഭൂചലനങ്ങൾ ഉണ്ടാവുകയും ചെയ്യുമെന്നും സംഘം വ്യക്തമാക്കുന്നു.

