ധാക്ക : ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൻ്റെ നിറം മാറുന്നു . 13 വർഷത്തിന് ശേഷം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബംഗ്ലാദേശ് സന്ദർശിക്കാൻ ഒരുങ്ങുന്നു. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ അടുത്ത മാസമാണ് ബംഗ്ലാദേശ് സന്ദർശിക്കുക.
ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ ദീർഘകാലം അധികാരത്തിലിരുന്നെങ്കിലും 1971 ലെ വിമോചന കാലത്ത് നടന്ന അതിക്രമങ്ങൾക്ക് പരസ്യമായി മാപ്പ് പറയണമെന്ന് ഷെയ്ഖ് ഹസീന പലതവണ പാകിസ്ഥാനോട് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം നിറവേറ്റപ്പെട്ടില്ല. എന്നാൽ യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാർ അധികാരത്തിൽ ഏറിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ചിത്രം മാറുന്നത്.
ബംഗ്ലാദേശ് പാകിസ്ഥാൻ്റെ നഷ്ടപ്പെട്ട സഹോദരനാണെന്നും അടുത്ത മാസം നടക്കുന്ന ധാക്ക സന്ദർശനം സുപ്രധാനമായിരിക്കുമെന്നുമാണ് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറയുന്നത് . ഈ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥ, സഹകരണം എന്നിവ ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഉണ്ടാകുമെന്നും ഇസ്ഹാഖ് ദാർ പറഞ്ഞു. നേരത്തെ 2012ൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു.
ഡി-8 ഉച്ചകോടിക്കിടെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയെ ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് തന്റെ രാജ്യത്തേയ്ക്ക് ക്ഷണിച്ചിരുന്നു.
ഉച്ചകോടിക്കിടെ, പാക്കിസ്ഥാനുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ബംഗ്ലാദേശിനെ സഹായിക്കുന്നതിന് 1971 ലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യൂനുസ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നങ്ങൾ വീണ്ടും വീണ്ടും ഉയർന്നുവരുന്നുണ്ടെന്നും ആ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാമെന്നും യൂനുസ് പാകിസ്ഥാൻ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു.
1974ൽ ബംഗ്ലദേശ്, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ത്രികക്ഷി ഉടമ്പടിയിലൂടെ പരിഹരിച്ചെന്നും എന്നാൽ മറ്റ് പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിശോധിക്കാൻ സന്തോഷമുണ്ടെന്നും ഷഹബാസ് ഷെരീഫും പറഞ്ഞിരുന്നു.