സംഗീത സംവിധായകൻ എ ആർ റഹ്മാനെതിരെ കോപ്പിയടി ആരോപണം . ‘പൊന്നിയിൻ സെൽവൻ 2’ എന്ന ചിത്രത്തിലെ ‘വീരരാജ വീര’ എന്ന ഗാനം കോപ്പിയടിയാണെന്ന് കാട്ടി നൽകിയ കേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കളും സംഗീത സംവിധായകൻ എ ആർ റഹ്മാനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി രണ്ട് കോടി രൂപ പിഴ ചുമത്തി.
ചിത്രത്തിൽ ജയം രവിയും ശോഭിത ധൂളിപാലയും ചേർന്ന് അഭിനയിച്ചിരിക്കുന്ന ഗാനമാണിത് . ഈ ഗാനത്തിനെതിരെ ഉസ്താദ് ഫയാസ് ദാഗറാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഗാനം കോപ്പിയടച്ചതാണെന്നും, തന്റെ അച്ഛനും അമ്മാവനും ചേർന്ന് സംഗീതം നൽകിയ ശിവ സ്തുതിയിൽ നിന്ന് ‘വീര രാജ വീര’ എന്ന ഗാനം മോഷ്ടിച്ചതാണെന്നും അതിലെ ഈണം, സംഗീതം, ബീറ്റുകൾ എന്നിവ യാതൊരു മാറ്റവുമില്ലാതെ ഉപയോഗിച്ചിട്ടുണ്ടെന്നും ഉസ്താദ് ഫയാസ് ആരോപിച്ചു.
പരാതി പരിഗണിച്ച ഡൽഹി ഹൈക്കോടതി രണ്ട് കോടി രൂപ പിഴ ചുമത്തുകയും കോടതി ചെലവുകൾക്കായി രണ്ട് ലക്ഷം രൂപ കൂടി ദാഗർ കുടുംബത്തിന് നൽകാനും ഉത്തരവിട്ടു. കൂടാതെ, ‘പൊന്നിയിൻ സെൽവൻ 2’ എന്ന സിനിമയിൽ ഒറിജിനൽ ഗാനങ്ങളുടെ സംഗീത സംവിധായകരുടെ പേരുകൾ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.