ലണ്ടൻ : പീഡനപരാതിയിൽ പാകിസ്താൻ ക്രിക്കറ്റ് താരം ഹൈദർ അലി ബ്രിട്ടനിൽ അറസ്റ്റിൽ. പാകിസ്ഥാൻ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഹൈദർ അലി പിടിയിലായത് . ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.അന്വേഷണ വിധേയമായി താരത്തെ പാക് ടീമിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇംഗ്ലണ്ടിൽ, ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട ഒരാൾക്ക് 4 മുതൽ 19 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഹൈദർ അലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അയാൾക്ക് കുറഞ്ഞത് 4 വർഷം തടവ് ശിക്ഷ ലഭിക്കുമെന്നാണ് സൂചന.യുകെയിൽ പാക് ബോർഡ് സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് മൂന്നിന് യുകെയിലെ ബെക്കൻഹാം ഗ്രൗണ്ടിൽ എംസിഎസ്എസി ടീമിനെതിരായ പോരാട്ടത്തിനിടെയാണ് ഹൈദർ അലി അറസ്റ്റിലാകുന്നത് . ഹൈദറിന്റെ പാസ്പോർട്ടും പൊലീസ് പിടിച്ചെടുത്തു.ഇതിനു ശേഷമാണ് താരത്തിനു ജാമ്യം കിട്ടിയത്. ടീം രണ്ട് ത്രിദിന മത്സരങ്ങളാണ് കളിച്ചത് . ക്യാപ്റ്റൻ ഷൗദ് ഷക്കീൽ, ഹൈദർ അലി ഒഴികെയുള്ള താരങ്ങൾ കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു.
24 കാരനായ ഹൈദർ അലി 37 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട് . 2021 ൽ അബുദാബിയിൽ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗിനിനെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പാക് ബോർഡ് നേരത്തെ താരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

