ഗാസ : ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ ഹമാസിനെ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . നിർത്തി വച്ചിരിക്കുന്ന ആക്രമണം ആരംഭിക്കുമെന്നും , ഹമാസിനെ തകർത്തിട്ടേ പിന്മാറൂവെന്നുമാണ് നെതന്യാഹുവിന്റെ അന്തിമ മുന്നറിയിപ്പ്.
“ഹമാസ് കരാർ ലംഘിക്കുകയും നമ്മുടെ ബന്ദികളെ മോചിപ്പിക്കാൻ വിസമ്മതിക്കുകയും ചെയ്തതിന്റെ വെളിച്ചത്തിൽ, ഗാസ മുനമ്പിൽ സൈന്യത്തെ വിന്യസിക്കാൻ ഞാൻ ഐഡിഎഫിനോട് ഉത്തരവിട്ടു,” സുരക്ഷാ മന്ത്രിസഭാ യോഗത്തിന് ശേഷം നെതന്യാഹു പറഞ്ഞു. “ശനിയാഴ്ചയോടെ ഹമാസ് അത് പാലിച്ചില്ലെങ്കിൽ, വെടിനിർത്തൽ അവസാനിക്കും, ഹമാസ് ഇല്ലാതാകുന്നതുവരെ ഞങ്ങൾ തീവ്രമായ പോരാട്ടം പുനരാരംഭിക്കും.”നെതന്യാഹു വ്യക്തമാക്കി.
കഴിഞ്ഞ മാസം വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഹമാസ് ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിച്ചിരുന്നു. എന്നാൽ ഇസ്രായേൽ നിബന്ധനകൾ ലംഘിച്ചുവെന്ന് ആരോപിച്ച്, കൂടുതൽ ബന്ദികളെ മോചിപ്പിക്കില്ലെന്നാണ് ഹമാസ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. അതേസമയം മുതിർന്ന ഹമാസ് ഉദ്യോഗസ്ഥനായ സാമി അബു സുഹ്രി നെതന്യാഹുവിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞു.
ഇസ്രായേൽ തങ്ങളുടെ പ്രതിബദ്ധതകൾ പാലിച്ചാൽ മാത്രമേ ബന്ദികളെ വിട്ടയക്കൂ എന്നും , ഭീഷണികളുടെ ഭാഷ അർത്ഥശൂന്യമാണ്, കാര്യങ്ങൾ സങ്കീർണ്ണമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും സാമി അബു സുഹ്രി പറഞ്ഞു.