ഗാസ : ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹെയ്തം അലി തബതബായിയെ വധിച്ച ഇസ്രായേലി പ്രതിരോധ സേനയ്ക്കെതിരെ ഭീഷണി മുഴക്കി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് . ലെബനനിലെ ബെയ്റൂട്ടിൽ നടന്ന വ്യോമാക്രമണത്തിലാണ് അലി തബതബായിയെ വധിച്ചത്.തബതബായിയുടെ നേതൃത്വത്തിലുള്ള ഹിസ്ബുള്ള വീണ്ടും ആയുധം എടുക്കാൻ തുടങ്ങുന്നതായി ഇസ്രായേൽ നേരത്തെ ആരോപിച്ചിരുന്നു.
ഹിസ്ബുള്ള ആർമി മേധാവി ഹൈതം അലി തബതബായി ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തിങ്കളാഴ്ച പ്രസ്താവന പുറത്തിറക്കി. അതിൽ ഇസ്രായേൽ ആക്രമണത്തെ ഐആർജിസി അപലപിക്കുകയും പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . ഹൈതം അലി തബതബായിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ഹിസ്ബുള്ളയ്ക്കും ഇറാൻ പിന്തുണയുള്ള എല്ലാ സായുധ ഗ്രൂപ്പുകൾക്കും അവകാശമുണ്ടെന്ന് ഐആർജിസി പ്രസ്താവിച്ചു.
തങ്ങളുടെ പിന്തുണയുള്ള ഗ്രൂപ്പുകൾ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും ഉചിതമായ സമയത്ത് ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്നും IRGC ഭീഷണിപ്പെടുത്തി. ഹിസ്ബുള്ള മേധാവിയുടെ കൊലപാതകവും ബെയ്റൂട്ടിലെ ഇസ്രായേൽ ആക്രമണവും വെടിനിർത്തലിന്റെ നഗ്നമായ ലംഘനമാണെന്ന് പറഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രാലയവും ആക്രമണത്തെ അപലപിച്ചു.

