ധാക്ക: രാജ്യതാത്പര്യത്തിനും ബംഗ്ലാദേശ് സംസ്കാരത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നതിനാൽ, ഇന്ത്യൻ മാദ്ധ്യമങ്ങളെ രാജ്യത്ത് വിലക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി. വക്കീലായ ഏഖ്ലാസുദ്ദീൻ ഭൂയാൻ ആണ് ഹർജി നൽകിയിരിക്കുന്നത്. ഇന്ത്യൻ മാദ്ധ്യമങ്ങൾക്കെതിരെ 2006ലെ ബംഗ്ലാദേശ് കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ഓപ്പറേഷൻ ആക്ട് പ്രകാരം നടപടിയെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ബംഗ്ലാദേശിൽ ഇന്ത്യൻ ടിവി ചാനലുകളുടെ സംപ്രേഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ ബംഗ്ലാദേശ് വിവരസാങ്കേതിക വകുപ്പ്, ആഭ്യന്തര വകുപ്പ്, ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മീഷൻ എന്നിവയുടെ സെക്രട്ടറിമാർക്ക് കോടതി നോട്ടീസ് അയച്ചു. സ്റ്റാർ ജൽസ, സ്റ്റാർ പ്ലസ്, സീ ബംഗ്ലാ, റിപ്പബ്ലിക് ബംഗ്ലാ എന്നീ ചാനലുകൾക്കെതിരെയാണ് പ്രധാനമായും നടപടി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ചാനലുകളിൽ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു. ഇത് യുവാക്കളെ വഴി തെറ്റിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരായ ആക്രമണങ്ങൾ തുടരുകയാണ്. ഇസ്കോൺ പുരോഹിതൻ ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് ശേഷവും നിരവധി ക്ഷേത്രങ്ങളാണ് തകർക്കപ്പെട്ടത്.
ബംഗ്ലാദേശിലെ കലാപം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ, നിരവധി തവണ ഇന്ത്യ ബംഗ്ലാദേശിനെ ആശങ്ക അറിയിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.