തിരുവനന്തപുരം: അഞ്ച് വർഷത്തിനിടെ ആദ്യമായി മുഴുവൻ ശമ്പളവും മാസാദ്യം നൽകി കെഎസ്ആർടിസി . 2020 ഡിസംബറിന് ശേഷം ഇത്തരമൊരു സംഭവം ആദ്യമാണെന്ന് ജീവനക്കാർ തന്നെ പറയുന്നു. മാർച്ചിലെ ശമ്പളം ഏപ്രിൽ 1 ന് ഒറ്റ ഗഡുവായി തന്നെ നൽകിയിരിക്കുകയാണ്
കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഇക്കാര്യം പങ്ക് വച്ചിട്ടുണ്ട്. ശമ്പളം നൽകുന്നതിൽ നീണ്ട കാലതാമസം വരുന്നത് കാരണം സാമ്പത്തിക അസ്ഥിരതയിൽ ബുദ്ധിമുട്ടുന്ന ജീവനക്കാർക്ക് ഇത് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത് . കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം ലഭിക്കുന്നത് തുടർച്ചയായ എട്ടാം മാസമാണ്.
“ഏപ്രിൽ 1 മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റ ഗഡുവായി മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്തു. ശമ്പളം പൂർത്തിയാക്കാൻ ഇന്ന് 80 കോടി രൂപ വിതരണം ചെയ്തു. 2020 ഡിസംബറിന് ശേഷം ആദ്യമായാണ് മുഴുവൻ ശമ്പളവും ഈ മാസം ഒന്നാം തീയതി നൽകുന്നത്. കൂടാതെ, ഇത് തുടർച്ചയായ എട്ടാം മാസമാണ് ഒറ്റത്തവണയായി ശമ്പളം നൽകുന്നത്.“ എന്നും കെഎസ്ആർടിസി അധികൃതർ പറയുന്നു.
കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി മുഴുവൻ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇപ്പോൾ പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ പറയുന്നു.