ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ പതാകയേന്തിയ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ഇന്ത്യയിലെ ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുൾ മജീദ് ഹക്കിം ഇലാഹി . ഇന്ത്യ-ഇറാൻ ബന്ധം വളരെ ശക്തമാണെന്നും സംഭാഷണത്തിലൂടെ ഏത് പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ ഇറാനും ഇന്ത്യയും തമ്മിൽ വളരെക്കാലമായി നല്ല ബന്ധം നിലനിൽക്കുന്നുണ്ട് . ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ക്രമാനുഗതമായി വളർന്നുവരികയാണ്. ഇറാൻ യുദ്ധമല്ല, സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും തമ്മിലുള്ള ചർച്ചകൾ വിജയകരമാണ്. ഇരു രാജ്യങ്ങളുടെയും നേതാക്കൾക്കിടയിൽ നല്ല ധാരണയുണ്ട് . ഇന്ത്യ-ഇറാൻ ബന്ധം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. ഇരു രാജ്യങ്ങളും ആഴത്തിലുള്ള സാംസ്കാരിക, വിദ്യാഭ്യാസ, നാഗരിക ബന്ധങ്ങൾ പങ്കിടുന്നുണ്ടെന്നും ‘ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒമാനടുത്തുള്ള ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ പതാകയേന്തിയ ജാഗ് അർനവ്, സൻമാർ ഹെറാൾഡ് എന്നീ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഇന്നലെ വെടിവയ്പ് ഉണ്ടായി. സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ഇറാനിയൻ അംബാസഡറെ വിളിച്ചുവരുത്തി ഔപചാരിക പ്രതിഷേധം അറിയിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനാണ് ഇറാനിയൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചത്.
വ്യാപാര കപ്പലുകളുടെയും നാവികരുടെയും സുരക്ഷയ്ക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യം തങ്ങൾക്ക് മനസിലാകുന്നുണ്ടെന്നും , ഇന്ത്യ സന്ദർശിക്കുന്ന നിരവധി കപ്പലുകൾക്ക് ഇറാൻ മുമ്പ് സുരക്ഷിതമായ വഴിയൊരുക്കിയിട്ടുണ്ടെന്നും മുഹമ്മദ് ഫത്താലി പറഞ്ഞു.. വ്യാപാര കപ്പലുകൾക്ക് നേരെ വെടിയുതിർത്ത ഈ ഗുരുതരമായ സംഭവത്തിൽ ആശങ്ക ആവർത്തിച്ച വിദേശകാര്യ സെക്രട്ടറി, ഇന്ത്യയുടെ കാഴ്ചപ്പാട് ഇറാൻ അധികാരികളെ അറിയിക്കണമെന്നും ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള പ്രക്രിയ എത്രയും വേഗം പുനരാരംഭിക്കണമെന്നും അംബാസഡറോട് അഭ്യർത്ഥിച്ചു.

