റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇമ്രാൻ ഖാൻ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുവെന്ന് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ആരോപിച്ചത് . കൊലപാതകത്തിന് പിന്നിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസും (ഐഎസ്ഐ) ആർമി ചീഫ് അസിം മുനീറുമാണെന്ന് ബലൂചിസ്ഥാൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇമ്രാൻ ഖാൻ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇമ്രാൻ ഖാന്റെ സഹോദരിമാരെയും മറ്റ് കുടുംബാംഗങ്ങളെയും ജയിലിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട് . ഇത് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്ന സംശയം വർദ്ധിപ്പിച്ചിട്ടുണ്ട്.
“സത്യം ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുന്ന നിമിഷം മുതൽ അതിന്റെ ശേഷിക്കുന്ന നിയമസാധുതയുടെ തകർച്ച ആരംഭിക്കുമെന്ന്” ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. എന്നാൽ ഇമ്രാൻ ഖാന്റെ മരണത്തെക്കുറിച്ച് പാകിസ്ഥാൻ സർക്കാരോ ജയിൽ അധികൃതരോ പ്രതികരിച്ചിട്ടില്ല. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 2023 മുതൽ 73 കാരനായ ഇമ്രാൻ ഖാൻ ജയിലിലാണ്.
ജൂലൈയിൽ ജയിലിൽ താൻ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സൈനിക മേധാവി അസിം മുനീർ ഉത്തരവാദിയായിരിക്കുമെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരോട് പറഞ്ഞിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

