ധാക്ക : ദുർഗാക്ഷേത്രം തകർത്ത നടപടിയ്ക്കെതിരെ ബംഗ്ലാദേശിൽ ശക്തമായ പ്രതിഷേധം . ബംഗ്ലാദേശ് നാഷണൽ ഹിന്ദു മൊഹാജോട്ട് ധാക്കയിലെ നാഷണൽ പ്രസ് ക്ലബ്ബിന് മുന്നിൽ മനുഷ്യച്ചങ്ങലയും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. മൗലികവാദികളുടെ ആവശ്യപ്രകാരം ധാക്കയിലെ ഖിൽഖേത്തിലെ പോലീസും സൈന്യവും ശ്രീ ശ്രീ ദുർഗ്ഗാ ക്ഷേത്രവും അതിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിലെ എല്ലാ ഫർണിച്ചറുകളും നശിപ്പിച്ചു. ക്ഷേത്രത്തിലെ എല്ലാ സ്വത്തുക്കളും വസ്തുക്കളും കൊള്ളയടിച്ചു ട്രക്കുകളിൽ കൊണ്ടുപോയി എന്നും ഹിന്ദു സംഘടനാ പ്രവർത്തകർ പറഞ്ഞു.
ക്ഷേത്രത്തിനടുത്തുള്ള റെയിൽവേ ഭൂമിയിൽ പള്ളി, മദ്രസ, നിരവധി രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ എന്നിവയുണ്ട്. പക്ഷേ അധികാരികൾ അതിൽ ഒന്നും തൊട്ടില്ല. ഖിൽഖേത് പ്രദേശത്തെ മതമൗലികവാദികളുടെ ആവശ്യപ്രകാരം സർക്കാർ ഹിന്ദു ക്ഷേത്രം മാത്രം തകർത്തുവെന്നും പ്രതിഷേധക്കാർ പറഞ്ഞു..
ഹിന്ദുക്കളുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുന്നുവെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഹിന്ദു മൊഹാജോട്ട് നേതാക്കൾ ആരോപിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജെസ്സോറിൽ 18 ഹിന്ദു വീടുകൾ, കടകൾ, മോട്ടോർ സൈക്കിളുകൾ, ഫർണിച്ചറുകൾ, എന്നിവ കത്തിച്ചു.മതത്തെ അപമാനിച്ചതിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങളും കള്ളക്കേസുകളും ഉണ്ടായിട്ടുണ്ട്
ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഭൂമി ഭവാൽ രാജ രാജേന്ദ്ര നാരായൺ റോയ് ചൗധരിയുടെ സ്വത്താണെന്ന് പ്രഭാഷകർ പറഞ്ഞു. നഷ്ടപരിഹാരം നൽകാതെ റെയിൽവേ അത് കൈവശപ്പെടുത്തി. അതിനാൽ, ഹിന്ദു ക്ഷേത്രം നിയമവിരുദ്ധമല്ല, മറിച്ച് അത് ഹിന്ദു സ്വത്താണ് – എന്നും പ്രതിഷേധക്കാർ പറയുന്നു.
രാജ്യത്തുടനീളമുള്ള അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ഹിന്ദു ക്ഷേത്രങ്ങളും, ഭൂമികളും , അനധികൃതമായി കൈവശം വച്ചിരിക്കുന്നവരും ഉൾപ്പെടെ, അടുത്ത 7 ദിവസത്തിനുള്ളിൽ ഒഴിപ്പിച്ച് ഹിന്ദുക്കൾക്ക് തിരികെ നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, രാജ്യമെമ്പാടും വലിയ തോതിലുള്ള പ്രതിഷേധം ആരംഭിക്കുമെന്നും അവർ പറഞ്ഞു.

