ഗാസ ; ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന കരാറിനെത്തുടർന്ന്, ബന്ദികളാക്കിയ എല്ലാവരെയും കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു . എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഹമാസ് ബന്ദിയാക്കിയ മകന് വേണ്ടി കാത്തിരുന്ന നേപ്പാളി സ്വദേശികളായ മാതാപിതാക്കളെ തേടി കഴിഞ്ഞ ദിവസം എത്തിയത് മകന്റെ മരണവാർത്തയാണ്. വിപിൻ ജോഷിയുടെ മരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത് . കഴിഞ്ഞ ദിവസം ബന്ദികളെ വിട്ടയച്ച കൂട്ടത്തിൽ വിപിൻ ജോഷിയുടെ പേര് ഉണ്ടായിരുന്നില്ല. തങ്ങളുടെ മകൻ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നവർക്ക് താങ്ങാനാകുന്നതിലുമധികമാണ് മകന്റെ മരണം .
കഴിഞ്ഞ മാസം ഹമാസ് പുറത്തുവിട്ട ഇസ്രായേലി ബന്ദികളുടെ ചിത്രങ്ങളിലും വിപിൻ ജോഷി ഉണ്ടായിരുന്നു. സെപ്റ്റംബർ 21 വരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ, എങ്ങനെയാണ് വിപിൻ പെട്ടെന്ന് മരിച്ചത് എന്ന ചോദ്യമാണ് കുടുംബം ഉയർത്തുന്നത് . ഇസ്രായേൽ-ഹമാസ് യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്തതും ആ പ്രദേശത്തെ താമസക്കാരനല്ലാത്തതുമായ ഏക ഹിന്ദു ബന്ദിയെ ഹമാസ് എന്തിനാണ് കൊന്നതെന്നാണ് മാതാപിതാക്കൾ ചോദിക്കുന്നത് .
2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചപ്പോൾ 10 നേപ്പാളി പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ബന്ദികളാക്കിയവരിൽ ഒരാൾ വിപിൻ ജോഷി ആയിരുന്നു, അദ്ദേഹം ജോലി ചെയ്തിരുന്ന ആലുമിം കിബ്ബറ്റ്സിൽ നിന്നാണ് വിപിൻ ബന്ദിയാക്കപ്പെട്ടത്. വിപിനെ തിരിച്ചെത്തിക്കാൻ കുടുംബം ഏറെ ശ്രമിച്ചിരുന്നു. 2024 ഓഗസ്റ്റിൽ, അദ്ദേഹത്തിന്റെ അമ്മ പത്മ ജോഷിയും 17 വയസ്സുള്ള സഹോദരി പുഷ്പയും ഇസ്രായേലിലേക്ക് പോയി. ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെൽ അവീവിലെ ഹോസ്റ്റേജ് സ്ക്വയറിൽ നടന്ന റാലികളിൽ അവർ പങ്കെടുത്തു.
കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അദ്ദേഹത്തിന്റെ മരണകാരണം ഹമാസ് ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ആക്രമണ ദിവസം വിപിൻ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തന്റെ നിരവധി സുഹൃത്തുക്കളെ രക്ഷിക്കാൻ അദ്ദേഹം സ്വന്തം ജീവൻ പണയപ്പെടുത്തി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന നേപ്പാളി വിദ്യാർത്ഥികൾ പറയുന്നതനുസരിച്ച്, ഹമാസ് ഫാം ആക്രമിച്ചപ്പോൾ, വിപിൻ ഒരു ഗ്രനേഡ് എടുത്ത് ഹമാസിന് നേരെ എറിഞ്ഞു, അതിലൂടെ നിരവധി ആളുകളെ രക്ഷിച്ചു. അതിനു പിന്നാലെയാണ് ഹമാസ് അദ്ദേഹത്തെ പിടികൂടിയത്.

