കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു . ആയുർവേദ ആശുപത്രിയുടെ പരിസരത്ത് പ്രഭാത നടത്തത്തിനിടെ ഒഡിംഗ കുഴഞ്ഞുവീഴുകയായിരുന്നു. കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . മകൾക്ക് കാഴ്ച വീണ്ടെടുക്കാൻ മുമ്പ് ഒഡിംഗയും കുടുംബവും ആശുപത്രി സന്ദർശിച്ചിരുന്നു .ഓഡിംഗയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ നടപടിക്രമങ്ങൾക്കായി ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
80 വയസ്സുള്ള ഒഡിംഗ, 2008 മുതൽ 2013 വരെ കെനിയൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു . 1997, 2007, 2013, 2017, 2022 എന്നീ വർഷങ്ങളിൽ അദ്ദേഹം അഞ്ച് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു.ഒഡിംഗയുടെ മകൾക്ക് തൊടുപുഴയിലെ ശ്രീധരീയം ആശുപത്രിയിൽ നടത്തിയ ചികിത്സ ഫലപ്രദമായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് ഇത്തവണ എത്തിയതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ അടക്കം ഇദ്ദേഹം കേരളത്തിൽ എത്തി നടത്തിയ ചികിത്സ പരാമർശിക്കപ്പെട്ടിരുന്നു.

