ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന കേന്ദ്രത്തിൽ ചാവേർ ആക്രമണം . പിന്നാലെ നടന്ന അഞ്ച് മണിക്കൂർ നീണ്ട വെടിവയ്പിൽ മൂന്ന് തീവ്രവാദികൾ കൂടി കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. വെടിവയ്പ്പിൽ ആറ് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ റാട്ട കുലാച്ചി പോലീസ് പരിശീലന സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരിച്ചടിയിലാണ് മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടത്. മറ്റ് ചിലർ കോമ്പൗണ്ടിനുള്ളിൽ ഒളിച്ചിരിക്കുന്നതായും സൂചനയുണ്ട്.വെള്ളിയാഴ്ച രാത്രി വൈകി നടന്ന ഓപ്പറേഷനിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ആറ് പോലീസ് ഉദ്യോഗസ്ഥർ മരിച്ചു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി, 13 പോലീസുകാർക്ക് പരിക്കേറ്റു.
എല്ലാ പരിശീലന റിക്രൂട്ട്മെന്റുകളെയും സ്റ്റാഫ് അംഗങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.എസ്എസ്ജി കമാൻഡോകൾ, അൽ-ബർഖ് ഫോഴ്സ്, എലൈറ്റ് ഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് ഓപ്പറേഷനിൽ ഉൾപ്പെട്ടിരുന്നത്.
വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് പോലീസ് പരിശീലന സ്കൂളിന്റെ പ്രധാന ഗേറ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ, വിവിധ യൂണിഫോമുകൾ ധരിച്ച ഭീകരർ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറി വെടിയുതിർത്തു. പോലീസ് ഉദ്യോഗസ്ഥർ തിരിച്ചടിക്കുകയും അക്രമികളെ വളയുകയും ചെയ്തു. വെടിവയ്പിനിടെ, തീവ്രവാദികൾ ഹാൻഡ് ഗ്രനേഡുകളും എറിഞ്ഞു.
ഡിപിഒ ദേര ഇസ്മായിൽ ഖാൻ സാഹിബ്സാദ സജ്ജാദ് അഹമ്മദ്, ആർപിഒ സയ്യിദ് അഷ്ഫാഖ് അൻവർ എന്നിവർ നേരിട്ട് സ്ഥലത്തെത്തി ഓപ്പറേഷൻ മേൽനോട്ടം വഹിച്ചു.
അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ വധിച്ചു. ഇവരിൽ നിന്ന് വസ്ത്രങ്ങൾ, സ്ഫോടകവസ്തുക്കൾ, ആധുനിക ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു. പരിക്കേറ്റ പതിമൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.ആക്രമണ സമയത്ത് 200 ഓളം ട്രെയിനികൾ, ഇൻസ്ട്രക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരുന്നു

