ന്യൂയോർക്ക് : അമേരിക്കയിൽ ഭീകരാക്രമണം . കൊളറാഡോയിലെ ബൗൾഡറിൽ ഇസ്രായേലി ബന്ദികൾക്ക് പിന്തുണ നൽകുന്നതിനായി നടത്തിയ ചടങ്ങിൽ “സ്വതന്ത്ര പലസ്തീൻ” എന്ന് വിളിച്ചുപറഞ്ഞ് തീവ്രവാദി മുഹമ്മദ് സോളിമാൻ (45) പെട്രോൾ ബോംബ് എറിയുകയായിരുന്നു.സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
ആക്രമണം നടന്ന സമയത്ത്, ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‘റൺ ഫോർ ദെയർ ലൈവ്സ്’ എന്ന ഗ്രൂപ്പിലെ പ്രകടനക്കാർ സ്ഥലത്ത് ഒത്തുകൂടിയിരുന്നു. ബന്ദികളുടെ മോചനത്തിനായി വാദിക്കുന്നതിനായി ഈ സംഘം പതിവായി പരിപാടികൾ നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഏജൻസി എഫ്ബിഐ അന്വേഷണം ആരംഭിച്ചു.
ആക്രമണം നടത്തിയയാളെ മുഹമ്മദ് സാബ്രി സോളിമാൻ എന്നാണ് തിരിച്ചറിഞ്ഞത്. ജനക്കൂട്ടത്തെ ആക്രമിച്ച ശേഷം മുഹമ്മദ് സോളിമാൻ ‘സ്വതന്ത്ര പലസ്തീൻ’ എന്ന മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. “സയണിസ്റ്റുകളെ അവസാനിപ്പിക്കൂ!”, “പലസ്തീൻ സ്വതന്ത്രമാണ്!”, “അവർ കൊലയാളികളാണ്!” എന്ന് അയാൾ ആക്രോശിച്ചുവെന്നാണ് റിപ്പോർട്ടുകൾ .

