ലക്നൗ ; അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശം . ക്രമസമാധാനം, ദേശീയ സുരക്ഷ, സാമൂഹിക ഐക്യം എന്നിവയ്ക്കാണ് സംസ്ഥാനത്ത് മുൻഗണനയെന്നും ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലാ ഭരണകൂടവും അവരുടെ പ്രദേശങ്ങളിൽ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയണമെന്നും , നിയമങ്ങൾക്കനുസൃതമായി നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി ഓരോ ജില്ലയിലും താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനും യോഗി ഉത്തരവിട്ടു . അനധികൃത കുടിയേറ്റക്കാരെ പരിശോധനാ പ്രക്രിയ പൂർത്തിയാകുന്നതുവരെ തടങ്കലിൽ പാർപ്പിക്കാനാണ് തീരുമാനം . തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കുന്ന അനധികൃത കുടിയേറ്റക്കാരെ സ്ഥാപിത നടപടിക്രമങ്ങൾ പാലിച്ച് നാടുകടത്തുമെന്നും യോഗി ആദിത്യനാഥ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
എൻഡിഎ സർക്കാർ രൂപീകരിച്ചാൽ, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുകയും അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇന്ത്യയിലെ ദരിദ്രർക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

