പൂനെ: കുടുംബ വഴക്കിനിടെ തൃശൂലം വച്ച് തലയ്ക്കടിയേറ്റ് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലാണ് സംഭവം . അവധൂത് മെങ്വാഡെ എന്ന കുട്ടിയ്ക്കാണ് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പോലീസ് കുട്ടിയുടെ മാതാപിതാക്കളെയും സഹോദരനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു.
മാതാപിതാക്കളായ പല്ലവി മെങ്വാഡെയും ഭർത്താവ് സച്ചിൻ മെങ്വാഡെയും തമ്മിൽ വാക്കുതർക്കമുണ്ടായതായി പോലീസ് പറഞ്ഞു. വഴക്കിനിടയിൽ, പല്ലവി ത്രിശൂലം എടുത്ത് തന്റെ ഭർതൃസഹോദരൻ നിതിൻ മെങ്വാഡെയെ ആക്രമിക്കാൻ ശ്രമിച്ചു. കുഞ്ഞിനെ എടുത്ത് കയ്യിൽ വച്ചാണ് പല്ലവി നിതിനെ അക്രമിക്കാൻ ശ്രമിച്ചത്. ഇതിനിടെ നിതിൻ ഒഴിഞ്ഞുമാറിയപ്പോൾ അത് തിരികെ കുട്ടിയുടെ തലയിൽ വന്നിടിക്കുകയായിരുന്നു . തലയ്ക്ക് മാരകമായി പരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോൾ, ത്രിശൂലം കഴുകി വൃത്തിയാക്കുകയും മുറിയിലെ രക്തക്കറ തുടച്ചുമാറ്റുകയും ചെയ്തിരുന്നു. തെളിവുകൾ നശിപ്പിക്കാനായിരുന്നു ഇതെന്ന് പോലീസ് കരുതുന്നു. വീട്ടിലെ എല്ലാ മുതിർന്ന അംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

