ലക്നൗ : ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസിൽ യുവതി അറസ്റ്റിൽ . ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. അഫ്സാന ബാനോ എന്ന യുവതിയാണ് പിടിയിലായത്.നൗബാസ്റ്റയിലെ താമസക്കാരിയായ ഫറാനാസിന്റെ പെൺകുഞ്ഞിനെയാണ് അഫ്സാന തട്ടികൊണ്ടു പോയത്.
40 ദിവസം പ്രായമുള്ള മകളുടെ ആധാർ കാർഡ് ശരിയാക്കാൻ വേണ്ടിയാണ് ഫറാനാസ് പോസ്റ്റ് ഓഫീസിൽ എത്തിയത്. ഈ സമയത്ത് കുഞ്ഞ് കരഞ്ഞപ്പോൾ സഹായിക്കാനെന്ന വ്യാജേന അഫ്സാന അടുത്ത് കൂടുകയായിരുന്നു. കുഞ്ഞിനെ അഫ്സാനയെ ഏൽപ്പിച്ച് ഫോമ്മ് പൂരിപ്പിച്ച് നൽകിയ ഫറാനാസ് മടങ്ങിയെത്തിയപ്പോഴേയ്ക്കും അഫ്സാന കുഞ്ഞിനെയും കൊണ്ട് കടന്നു കളഞ്ഞിരുന്നു. തുടർന്ന് ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു .
സമീപ പ്രദേശങ്ങളിലെ അടക്കം സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി . മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ചമൻഗഞ്ച് പ്രദേശത്ത് നിന്ന് കുഞ്ഞിനെയും , അഫ്സാനയെയും കണ്ടെത്തി. അതേസമയം, തന്റെ സഹോദരനും ഭാര്യക്കും കുട്ടികളില്ലെന്നും, അവർക്ക് നൽകാനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നാണ് അഫ്സാന ബാനോ പറഞ്ഞത്.