ബെംഗളൂരു ; വാശി പിടിച്ച് കരഞ്ഞതിന്റെ പേരിൽ കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ട് അടച്ച ഡേ കെയർ ജീവനക്കാർക്കെതിരെ കേസ് . കാപ്ജെമിനി ടെക്നോളജി സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന ഡേകെയർ സെന്ററിലെ ജീവനക്കാരായ മഞ്ജുള, വിജയലക്ഷ്മി, ഭവാനി, സിന്ധു, ബിന്ദു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർ കുട്ടികളോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ തിലകേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു സിറ്റി പോലീസാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.
ക്രിമിനൽ ഭീഷണി, കുട്ടികളോടുള്ള ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്യാപ്ജെമിനി കാമ്പസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളെയാണ് ഇവിടെ പരിപാലിച്ചിരുന്നത്. കരയുന്ന കുട്ടികളെ വാഷിംഗ് മെഷീനുകൾക്കുള്ളിൽ പൂട്ടിയിട്ടതായും , ഇടുങ്ങിയ വെള്ളം നിറച്ച പാത്രങ്ങളിൽ ബലമായി കയറ്റി ഇരുത്തിയതായും , ബാത്ത്റൂമുകളിലേക്ക് തള്ളിയിട്ട് പലവിധത്തിൽ ഭയപ്പെടുത്തിയതായും വ്യക്തമാക്കുന്ന വീഡിയോകളാണ് പുറത്ത് വന്നത്.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായു വൈറ്റ്ഫീൽഡ് ഡിവിഷനിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സൈദുലു അദാവത് പറഞ്ഞു. ക്യാപ്ജെമിനി ഡേകെയർ സെന്റർ താൽക്കാലികമായി അടച്ചുപൂട്ടി.

