തിരുവനന്തപുരം: വർദ്ധിപ്പിച്ച ട്രെയിൻ സർവീസുകളുടെയും വിപുലീകരിച്ച റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെയും നേട്ടം കേരളത്തിന് ഉടൻ ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . സംസ്ഥാനത്തിന്റെ റെയിൽ ശേഷി വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയ അശ്വിനി വൈഷ്ണവ്, കേരളത്തിന്റെ സാംസ്കാരിക സ്വത്വം നിലനിർത്തിക്കൊണ്ട് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുംകൂട്ടിച്ചേർത്തു. വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
മംഗലാപുരം–കാസർകോട്–ഷൊർണൂർ പാതയെ നാലുവരി പാതയാക്കി മാറ്റാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഷൊർണൂർ–എറണാകുളം ഭാഗം മൂന്ന് വരി പാതയാക്കി ഉയർത്തുന്നതും പരിഗണനയിലുണ്ട്. ദീർഘകാലമായി നിർദ്ദേശിക്കപ്പെട്ടിരുന്ന അങ്കമാലി–ശബരിമല പാത പരിഗണനയിലുണ്ടേന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച അശ്വിനി വൈഷ്ണവ്, കേരളത്തിലെ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകളുടെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായും വെളിപ്പെടുത്തി. അങ്കമാലി–എരുമേലി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ നിരവധി പ്രധാന പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
കേരളത്തിന് അനുവദിച്ച നിർദ്ദിഷ്ട മേൽപ്പാലങ്ങൾക്കും അടിപ്പാതകൾക്കും ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ സഹകരണവും റെയിൽവേ മന്ത്രി തേടി.

