സന : നിമിഷ പ്രിയ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മരിച്ച യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി. തങ്ങളുമായി ബന്ധപ്പെട്ടുവെന്നും, സംസാരിച്ചെന്നുമുള്ള കാന്തപുരത്തിന്റെ പ്രസ്താവനകൾ മഹ്ദി തള്ളി. കാന്തപുരവുമായി സംസാരിച്ചതായോ ഞങ്ങളുമായി ചർച്ച നടത്തിയതായോ അവകാശപ്പെടുന്നവർക്ക് “ഞങ്ങളുമായി യാതൊരു ബന്ധവുമില്ല” എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുൾ ഫത്താഹ് പ്രഖ്യാപിച്ചു. “ഞങ്ങൾ ഒരു സമയത്തും സ്ഥലത്തും അവരെ ബന്ധപ്പെടുകയോ കാണുകയോ ചെയ്തിട്ടില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വച്ചത് സൂഫി പണ്ഡിതന്മാരുടെ ഇടപെടലിനെ തുടർന്നാണെന്ന് വാദങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.
‘ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന അപവാദങ്ങൾക്കും ആരോപണങ്ങൾക്കും വിരുദ്ധമായി, യാഥാർത്ഥ്യത്തെ വികലമായ യുക്തിക്കും വിരുദ്ധമായി, ഒരു വ്യവസ്ഥയും നിയമവും ഭരിക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഞങ്ങൾ വ്യക്തമായി പ്രസ്താവിക്കുന്നു, അവിടെ ന്യായവും വിധിയുമുണ്ട് . ഇത് ആ രക്തത്തിന്റെ മാതാപിതാക്കളുടെ അവകാശമാണ്, അവർ സ്വന്തം രക്തത്തിന്റെ രാജാക്കന്മാരാണ്; ആർക്കും അതിൽ തർക്കമുണ്ടാകില്ല.”എന്നും അബ്ദുൾ ഫത്താഹ് പറഞ്ഞു.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാദങ്ങൾ കേന്ദ്രസർക്കാരും തള്ളി. യെമൻ അധികൃതരുമായി ചർച്ച നടക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

