ശ്രീനഗർ : ജമ്മു കാശ്മീരിൽ ഉണ്ടായ കുഴി ബോംബ് സ്ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ അഖ്നൂരിലാണ് സ്ഫോടനം ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പെട്രോളിംഗിന് പോയ സൈനിക സംഘത്തിലെ ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്.
മൂന്നു പേർ അടങ്ങുന്ന സംഘമാണ് പെട്രോളിംഗിനായി പോയത്. ഇതിൽ രണ്ടുപേർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു എന്നും ഒരു ഉദ്യോഗസ്ഥനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമാണ് ലഭിക്കുന്ന വിവരം. സ്ഫോടനം നടന്ന പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കൂടുതൽ കരസേന ഉദ്യോഗസ്ഥർ മേഖലയിലെത്തി തിരച്ചിൽ ഊർജതമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള കർണാ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. കർണാ തെഹ്സിയിലെ ബാഡി മൊഹല്ല അമ്രോഹിയിലാണ് സൈന്യത്തിന്റെയും പോലീസിന്റെയും സംഘം തിരച്ചിൽ നടത്തിയത്.
തുടർന്ന് ഒരു എകെ 47 റൈഫിൾ, ഒരു എ കെ മാഗസിൻ , ഒരു സൈഗ എം കെ റൈഫിൾ, 12 തിരകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു. തിരച്ചിൽ നടത്തിയ മേഖലയുടെ സമീപത്തുള്ള ഭക്ഷണശാലയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത് .