ന്യൂഡൽഹി : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്വിസ് വിമാനത്തിന്റെ എഞ്ചിനിൽ നിന്ന് തീ ഉയർന്നു. തുടർന്ന് വിമാനം അടിയന്തിരമായി താഴെയിറക്കി . അപകടത്തിൽ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. തീപിടുത്തത്തെത്തുടർന്ന്, എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഡൽഹിയിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX147 എയർബസ് A330, ന്റെ എഞ്ചിനാണ് തീ പിടിച്ചത്.
റൺവേയിൽ ടേക്ക്ഓഫിനായി വേഗത കൂട്ടുന്നതിനിടയിൽ, വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി. തീയും പുകയും ഉയർന്നു. തുടർന്ന് വിമാനം റൺവേയിൽ നിർത്തി, അടിയന്തര സ്ലൈഡുകൾ ഉപയോഗിച്ച് യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനത്തിൽ 228 യാത്രക്കാരുണ്ടായിരുന്നു. അവരിൽ നാല് പേർ കുട്ടികളായിരുന്നു. ആറ് യാത്രക്കാരും ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലാണ് .

