കൊൽക്കത്ത : നിയുക്ത ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്താൻ ബീഹാറിൽ നിന്ന് രണ്ട് ഷാർപ്പ്ഷൂട്ടർമാരെ എത്തിച്ചിരുന്നതായി സൂചന . സംശയിക്കുന്നവരുടെ മൊഴികൾ പരിശോധിക്കാൻ ബംഗാൾ പോലീസ് ബീഹാർ പോലീസുമായി ബന്ധപ്പെടുന്നുണ്ട് . സംഭവത്തിൽ ബംഗ്ലാദേശിലെ ക്രിമിനലുകൾക്കുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം അക്രമികൾ ബംഗ്ലാദേശ് അതിർത്തി കടന്നതായും സംശയിക്കുന്നു.
കൊലപാതകത്തിന് 30 മുതൽ 40 ലക്ഷം രൂപയുടെ വരെ കരാർ നൽകിയിട്ടുണ്ടാകുമെന്നും പൊലീസ് പറയുന്നു . കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് വിമാനമാർഗം പ്രതികൾ രക്ഷപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. എങ്കിലും, നിലവിൽ കസ്റ്റഡിയിലുള്ളവർ നൽകിയ മൊഴികളുടെ ആധികാരികത ബംഗാൾ പോലീസ് പരിശോധിച്ചുവരികയാണ്.ബിഎസ്എഫ് ഡയറക്ടർ ജനറൽ പ്രവീൺ കുമാർ തന്റെ സംഘത്തോടൊപ്പം നേരിട്ട് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. ബംഗ്ലാദേശിൽ നിന്നുള്ള ക്രിമിനലുകൾ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി ബംഗാളിലേക്ക് വന്ന് കൊലപാതകം നടത്തിയ ശേഷം ബംഗ്ലാദേശിലേക്ക് തിരികെ പലായനം ചെയ്തിരിക്കാനുള്ള സാധ്യതയാണ് ബിഎസ്എഫ് അന്വേഷിക്കുന്നത്.
ഓസ്ട്രിയൻ നിർമ്മിത ഗ്ലോക്ക് പിസ്റ്റളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. ഈ ആയുധങ്ങൾ പലപ്പോഴും പാകിസ്ഥാൻ, ബംഗ്ലാദേശ് വഴി ഇന്ത്യയിലെ ഉന്നത ഗുണ്ടാസംഘങ്ങൾക്കും കുറ്റവാളികൾക്കും എത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ ബംഗ്ലാദേശിലെ ക്രിമിനലുകൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് സംശയം.
അതേസമയം ചന്ദ്രനാഥ് രഥിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്. ഐജി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് എസ്ഐടിയുടെ തലവൻ . വിവിധ ജില്ലകളിലും യൂണിറ്റുകളിലും നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സംഘങ്ങളും എസ്ഐടിയിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മധ്യഗ്രാമിൽ വെച്ചാണ് ചന്ദ്രനാഥ് രഥിന് വെടിയേറ്റത്. കൊൽക്കത്തയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാർ ദോഹാരിയ പ്രദേശത്തെത്തിയപ്പോൾ, മറ്റൊരു വാഹനത്തിലെത്തിയ അക്രമികൾ ചന്ദ്രനാഥ് രഥിന്റെ കാറിന് നേരെ വെടിയുതിർത്തു. കൃത്യം ചെയ്ത ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നെഞ്ചിലും വയറിലും മുഖത്തും വെടിയേറ്റ ചന്ദ്രനാഥ് രഥിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

