കൊൽക്കത്ത : ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു അധികാരി സത്യപ്രതിജ്ഞ ചെയ്തത് . ബംഗാളിൽ “ഞാൻ” അല്ല, നമ്മളെല്ലാവരും ഒരുമിച്ച് സർക്കാർ നയിക്കുമെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കളും സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. സുവേന്ദു അധികാരി പശ്ചിമ ബംഗാളിലെ ഒമ്പതാമത്തെ മുഖ്യമന്ത്രിയും ബിജെപിയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയുമാണ്.
ആറ് വർഷങ്ങൾക്ക് മുമ്പാണ് സുവേന്ദു അധികാരി ബംഗാൾ ബിജെപിയിൽ ചേർന്നത് . 2026 ആയപ്പോഴേക്കും സുവേന്ദു ബംഗാളിലെ ബിജെപിയുടെ ഏറ്റവും ശക്തമായ മുഖമായി മാറി. മമത ബാനർജിയെ തുടർച്ചയായി രണ്ടുതവണ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി ബംഗാളിലെ ബിജെപിയുടെ അതികായനായ നേതാവാണ് . 2021-ൽ നന്ദിഗ്രാമിലും 2026-ൽ ഭവാനിപൂരിലും സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയിരുന്നു.

