ഒരുകാലത്ത് മമതബാനർജിയുടെ വിശ്വസ്തനായിരുന്ന തൃണമൂൽ നേതാവ് . ഇന്ന് ബംഗാളിൽ ബിജെപിയുടെ അഭിമാനം വാനോളമുയർത്തിയ അതികായൻ , സുവേന്ദു അധികാരി . നാളെ വംഗനാടിന്റെ കിരീടം സുവേന്ദു തലയിലേറ്റുമ്പോൾ വഴിമാറുന്നത് 15 വർഷമായി മമത നടത്തിയ കറുത്ത ഭരണത്തിന്റെ ചരിത്രമാണ്. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി പാർട്ടി ജയിച്ചു വന്നപ്പോഴും മുഖ്യമന്ത്രി എന്ന പദവിയിലേയ്ക്ക് ഉയർന്ന് കേട്ടത് സുവേന്ദു അധികാരി എന്ന പേര് മാത്രമാണ്.
1970 ഡിസംബർ 15 ന് പശ്ചിമ ബംഗാളിലെ കിഴക്കൻ മേദിനിപൂർ ജില്ലയിലെ കാന്തി പ്രദേശത്താണ് സുവേന്ദു അധികാരി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ശിശിർ അധികാരി ബംഗാൾ രാഷ്ട്രീയത്തിലെ എടുത്ത പറയേണ്ട വ്യക്തിത്വങ്ങളിലൊന്നാണ്. നിരവധി തവണ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാന്തി ഹൈസ്കൂളിൽ നിന്ന് ആദ്യകാല സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സുവേന്ദു അധികാരി പ്രഭാത് കുമാർ കോളേജിൽ നിന്ന് ബിരുദം നേടി. പിന്നീട്, രബീന്ദ്ര ഭാരതി സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്സ് ബിരുദവും നേടി.
1989 ൽ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗത്തിലൂടെയാണ് സുവേന്ദു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അക്കാലത്ത്, ഇടതുപക്ഷ പാർട്ടികൾ ബംഗാളിൽ ആധിപത്യം പുലർത്തിയിരുന്നു. പ്രതിപക്ഷ വിദ്യാർത്ഥി നേതാവായി ഐഡന്റിറ്റി സ്ഥാപിക്കുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല.1995 ൽ, കാന്തി മുനിസിപ്പാലിറ്റിയിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ സജീവ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കമായി . പിന്നീട്, അദ്ദേഹം പിതാവിനൊപ്പം തൃണമൂൽ കോൺഗ്രസിൽ (TMC) ചേർന്നു.
സുവേന്ദു അധികാരി മമത ബാനർജിയുടെ അങ്ങേയറ്റം വിശ്വസ്തനായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ടിഎംസിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 2006–07 ലെ സിംഗൂർ, നന്ദിഗ്രാം പ്രസ്ഥാനങ്ങളിലും സുവേന്ദു അധികാരി മുൻപന്തിയിലായിരുന്നു. 34 വർഷം പഴക്കമുള്ള ഇടതുമുന്നണി സർക്കാരിനെ ബംഗാളിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ച രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചതും ഈ പ്രസ്ഥാനങ്ങൾ തന്നെയാണ് . 2011 ൽ ടിഎംസി അധികാരത്തിൽ വന്നു, മമത ബാനർജി ആദ്യമായി മുഖ്യമന്ത്രിയായി.
എന്നാൽ അധികം വൈകും മുൻപ് തന്നെ സുവേന്ദുവും ടിഎംസി നേതൃത്വവും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകാൻ തുടങ്ങി. ഒടുവിൽ, 2020 ൽ സുവേന്ദു ടിഎംസിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ബിജെപിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം ടി എം സിയ്ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു.2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തിൽ നിന്ന് മത്സരിച്ച് മമത ബാനർജിയെ പരാജയപ്പെടുത്തിയതോടെയാണ് സുവേന്ദു അധികാരി ദേശീയ ശ്രദ്ധ നേടിയത്.
ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ സുവേന്ദു അധികാരി പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബിജെപി നേതൃത്വം വിശ്വസിക്കുന്നു . സംസ്ഥാനത്തെ അടിസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണയുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളാണ് സുവേന്ദു.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച്, സുവേന്ദു അധികാരി കോടീശ്വരൻമാരായ രാഷ്ട്രീയക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ആകെ ആസ്തി ഏകദേശം ₹85.87 ലക്ഷമാണ്. കടമോ ബാധ്യതകളോ ഇല്ല.കൈവശം ഏകദേശം 12,000 രൂപ പണമായുണ്ട്. കൂടാതെ, പിഎൻബി, എസ്ബിഐ, ഐഡിബിഐ ബാങ്ക് എന്നിവയുൾപ്പെടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 7 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. രസകരമായ മറ്റൊരു കാര്യം അദ്ദേഹത്തിന് സ്വന്തമായി സ്വർണമില്ല, എന്തിന് ഒരു കാർ പോലുമില്ല . അത്യാഢംബരങ്ങൾ കാണിച്ചോ, പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയോ അല്ല , നടപ്പാക്കുമെന്ന് ഉറപ്പുള്ള വാക്ക് നൽകിയാണ് സുവേന്ദു അധികാരത്തിലേയ്ക്ക് നടന്നടുക്കുന്നത് . ഇനി പ്രതീക്ഷിക്കാം ഇന്ന് ബംഗാൾ ചിന്തിക്കുന്നത് , നാളെ ഇന്ത്യ ചിന്തിക്കുമെന്ന് .

