ബെംഗളൂരു: പര്യായ മഹോത്സവ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതിനിടെ ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ ടി കെ സ്വരൂപ കാവി പതാക വീശിയ നടപടി വിവാദമാകുന്നു. ഡെപ്യൂട്ടി കമ്മീഷണർ ഉയർത്തിയ പതാക ആർഎസ്എസിന്റേതാണെന്നും, നടപടി വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതി.
ജനുവരി 18 ന് ഷിരൂർ മഠാധിപതി വേദവർദ്ധന തീർത്ഥ സ്വാമിജിയുടെ നഗരപ്രവേശ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഡെപ്യൂട്ടി കമ്മീഷണർ കാവി പതാക വീശിയത് . ഉഡുപ്പിയിൽ നിന്നുള്ള ബിജെപി എംഎൽഎ യശ്പാൽ സുവർണ ആർഎസ്എസ് പതാക ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറിയതായാണ് കോൺഗ്രസ് ആരോപിക്കുന്നത്.. 2026-28 വരെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണം ഷിരൂർ മഠത്തിന് കൈമാറുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ക്ഷേത്രത്തിന്റെ ഭരണം എട്ട് മഠങ്ങളുടെ ചുമതലയാണ്. ഭരണമാറ്റ ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ അതൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും ഔദ്യോഗിക കർത്തവ്യങ്ങളുടെ ഭാഗമായിട്ടാണ് പങ്കെടുത്തതെന്നുമാണ് ഡെപ്യൂട്ടി കമ്മീഷണറുടെ വിശദീകരണം. അതേസമയം, കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ‘ഇതൊരു പരമ്പരാഗത ഹിന്ദു ഉത്സവമാണ്. അവിടെ ഉപയോഗിക്കുന്ന പതാക പാകിസ്ഥാന്റെ പതാകയല്ല. ഡെപ്യൂട്ടി കമ്മീഷണർ അത്തരമൊരു പതാക വീശുന്നതിൽ ഒരു തെറ്റും കാണുന്നില്ല,’ എന്നാണ് ബിജെപി നേതാക്കൾ പറയുന്നത് .

