ന്യൂഡൽഹി : അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വിദ്യാർത്ഥികളോട് ക്ഷമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് രുചിക സിംഗിന്റെ മാതാവ് . മാപ്പ് നൽകാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനം മകൾക്ക് പുതിയൊരു ജീവിതം നൽകിയെന്ന് അവർ പറഞ്ഞു. പ്രതികാരത്തിന് പകരം ക്ഷമ തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി മോദിയോട് കൂപ്പുകൈകളോടെ നന്ദി പറയുന്നതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
തന്നെ അധിക്ഷേപിക്കുകയും അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും ചെയ്ത കുട്ടിയോട് പ്രധാനമന്ത്രി മോദി തന്റെ മഹത്വം തെളിയിച്ചു . തന്റെ മകൾക്ക് ഒരു ലൈഫ്ലൈൻ പോലെയുള്ള ഏറ്റവും വലിയ സമ്മാനമാണ് അദ്ദേഹം നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. ഇത് തന്റെ മകൾക്ക് ഒരുതരം പുതിയ ജന്മമാണ് .
കുട്ടികളോട് ക്ഷമിച്ചുകൊണ്ട് മോദിജി വലിയ കാര്യമാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ തീരുമാനം തന്റെ മകളുടെ ഭാവി രക്ഷിച്ചു . ഈ സഹായം ഒരിക്കലും മറക്കില്ലെന്നും അവർ പറഞ്ഞു. മോശം കൂട്ടുകെട്ടും നെഗറ്റീവ് ചിന്തകളും കുട്ടികളെ എളുപ്പത്തിൽ സ്വാധീനിക്കുന്നതിനാൽ ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ നിരോധിക്കണമെന്നും അവർ പറഞ്ഞു.
ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെയാണ് രുചിക സിംഗ് നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ചില ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത് . രണ്ട് ദിവസം മുൻപ് മോദി തന്നെയും, മരിച്ചു പോയ തന്റെ മാതാവിനെയും പോലും വിദ്യാർത്ഥികളിൽ പലരും അധിക്ഷേപിച്ചതായും, എന്നാൽ അറിയാതെ ചെയ്ത തെറ്റായി കണ്ട് ക്ഷമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദേശത്തിന് പിന്നാലെ, രുചികയുടെ ക്ഷമാപണത്തിന്റെ വീഡിയോ പുറത്തുവന്നു. വീഡിയോയിൽ, പെൺകുട്ടി താൻ ഗുരുതരമായ തെറ്റ് ചെയ്തുവെന്ന് സമ്മതിക്കുകയും ചെയ്തു. താൻ പറഞ്ഞത് പൊറുക്കാനാവാത്തതാണെന്നും തന്റെ പ്രവൃത്തികളിൽ വളരെയധികം ലജ്ജിക്കുന്നുവെന്നും പറഞ്ഞിരുന്നു.
ക്ഷമാപണം നടത്തിയെങ്കിലും, കേസ് നിയമപരമായി മുന്നോട്ട് പോകുമെന്നാണ് സൂചന. നോയിഡ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിക്കെതിരെ പരാതി ഫയൽ ചെയ്തിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, നോയിഡ പോലീസ് കേസ് ന്യൂഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

