ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ പ്രൗഢഗംഭീരമാക്കി റിപ്പബ്ലിക് ദിനാഘോഷങ്ങൾ . രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ , പ്രധാനമന്ത്രി നരേന്ദ്രമോദി , മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങ് ദേശീയതയെ വാനോളം ഉയർത്തുന്നതായി.
കർത്തവ്യപഥിലെ ആഘോഷപരിപാടിയിൽ പരേഡ് ആരംഭിക്കുന്നതിനു മുന്നോടിയായി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു.തുടർന്ന് തന്റെ റിപ്പബ്ലിക് ദിന സന്ദേശം കുറിച്ചു. കർത്തവ്യപഥിലെത്തിയ രാഷ്ട്രപതി ത്രിവർണ്ണപതാകയെ സല്യൂ ചെയ്തതിനു ശേഷമാണ് പരേഡ് ആരംഭിച്ചത്.
300 കലാകാരന്മാർ അണിനിരന്ന സംഗീതസംഗമത്തോടെയാണ് പരേഡിനു തുടക്കമായത് . സാംസ്ക്കാരിക വകുപ്പാണ് സംഗീത സംഗമം തയ്യാറാക്കിയത്.’സ്വർണിം ഭാരത്: വിരാസത് ഓർ വികാസ്’ എന്ന പ്രമേയത്തിൽ 31 ടാബ്ളോകൾ ആണ് പരേഡിൽ പങ്കെടുക്കാനെത്തിയത്.
10,000ത്തോളം അതിഥികളാണ് പരേഡ് കാണാനെത്തിയത് . ഇന്തോനേഷ്യൻ സേനയും , ഇന്തോനേഷ്യൻ സൈനിക ബാൻഡും പരേഡിന്റെ ഭാഗമായി. ഇന്ത്യൻ കരസേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധടാങ്കറുകളും , സൈനിക വാഹനങ്ങളും പരേഡിനായി ഒരുക്കിയിരുന്നു. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങളാണ് ആകാശത്ത് വർണ്ണക്കാഴ്ച്ച ഒരുക്കിയത്. നാവികസേനയുടെയും വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെയും പരേഡ് സംഘവും അണിനിരന്നു.