ലക്നൗ : യുവ ഇന്ത്യൻ ക്രിക്കറ്റ് താരം യാഷ് ദയാലിനെതിരെ പീഡന ആരോപണം . ലൈംഗിക പീഡനം, അക്രമം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവതി പരാതി നൽകിയിരിക്കുന്നത് . യാഷ് ദയാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും നീതിക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സംസ്ഥാന പോലീസിനോടും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
യുവതി സിഎം ഹെൽപ്പ് ലൈൻ പോർട്ടലിൽ പരാതി നൽകുകയും അതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിൽ, ദയാലുമൊത്തുള്ള തന്റെ ഫോട്ടോയും സ്ത്രീ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ 5 വർഷമായി ദയാലുമായി തനിക്ക് ബന്ധമുണ്ട്, വിവാഹ വാഗ്ദാനം നൽകി ദയാൽ തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും ചൂഷണം ചെയ്തു. ദയാൽ തന്നെ ഭാവി മരുമകളായി കുടുംബത്തിന് പരിചയപ്പെടുത്തി വഞ്ചിച്ചുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
ദയാൽ വഞ്ചിക്കുകയാണെന്ന് അറിഞ്ഞയുടനെ താൻ പ്രതിഷേധിച്ചു. ഇതുമൂലം തനിക്ക് ശാരീരിക പീഡനവും മാനസിക പീഡനവും നേരിടേണ്ടി വന്നു. ദയാൽ താനുമായി മാത്രമല്ല, നിരവധി സ്ത്രീകളുമായും അവിഹിത ബന്ധങ്ങൾ പുലർത്തുന്നുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. ജൂൺ 14 ന് വനിതാ ഹെൽപ്പ് ലൈനിൽ പരാതി നൽകിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി പറയുന്നു. അതേസമയം ഈ വിഷയത്തിൽ യാഷ് ദയാലിൽ നിന്ന് ഇതുവരെ ഒരു വിശദീകരണമോ പ്രസ്താവനയോ ഉണ്ടായിട്ടില്ല
യുവതി പരാതി നൽകിയതിനു പിന്നാലെ യാഷ് ദയാൽ തന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ‘ഫിയർലെസ്’ എന്ന് എഴുതുകയും ചെയ്തു. ഇതിനുശേഷം, ദയാലിൻറെ പോസ്റ്റിനെ ലക്ഷ്യം വച്ചുകൊണ്ട് യുവതി മറ്റൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കിട്ടു, “നിങ്ങൾ നിർഭയനാണെങ്കിൽ, നിങ്ങൾ സത്യത്തെ നേരിടണം.” എന്ന പോസ്റ്റിനൊപ്പം യാഷ് ദയാലിനൊപ്പമുള്ള ചില ഫോട്ടോകളും യുവതി പോസ്റ്റ് ചെയ്തു.

