റാഞ്ചി : ജെപിഎസ്സി-ജെഎസ്എസ്സി പരീക്ഷകളുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമായി. ജെപിഎസ്സി-ജെഎസ്എസ്സി റിഫോം ഫോറം ഓഗസ്റ്റ് 20 ന് മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ജെഎസ്എസ്സി-സിജിഎൽ പരീക്ഷകൾ റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ . പ്രതിഷേധങ്ങൾക്കിടെ ദേവേന്ദ്ര നാഥ് മഹാതോയുടെ നിരാഹാര സമരം 14-ാം ദിവസവും തുടർന്നു.
ഇന്ന് എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെയും രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിനിടെ ആദ്യമായി മുഖ്യമന്ത്രിയുടെ രാജിയും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹേമന്ത് സോറൻ രാജിവയ്ക്കണമെന്നും , അല്ലെങ്കിൽ കോൺഗ്രസ് പിൻ വലിക്കണമെന്നുമാണ് സമരക്കാർ ആവശ്യപ്പെടുന്നത്.
അഞ്ച് ദിവസമായി സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ദേവേന്ദ്ര നാഥ് മഹാതോ 14-ാം ദിവസവും നിരാഹാര സമരം തുടർന്നു. ആശുപത്രി കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഇടനാഴിയിൽ തറയിൽ കിടന്നാണ് അദ്ദേഹം പ്രതിഷേധം നടത്തുന്നത് . സ്വാതന്ത്ര്യദിനത്തിൽ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ ത്രിവർണ പതാക ഉയർത്താനും തുടർന്ന് തിരംഗ യാത്രയിൽ പങ്കെടുക്കാനും ദേവേന്ദ്ര നാഥ് മഹാതോ സദർ ആശുപത്രിയിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ചിരുന്നു.ദേവേന്ദ്ര നാഥ് മഹാതോ തന്റെ ആഗ്രഹം ജില്ലാ ഭരണകൂടത്തെ ഒരു കത്തിൽ അറിയിച്ചിരുന്നു.
എന്നാൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് ദേവേന്ദ്ര നാഥ് മഹാതോ ആശുപത്രിയിലെ തന്റെ മുറിയുടെ പുറത്ത് ഇരുന്ന് നിരാഹാരം തുടർന്നു.

