ചെന്നൈ : രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം ജില്ലയില്‍ മേഘവിസ്ഫോടനവും , കനത്ത മഴയും. ബുധനാഴ്ച (ഇന്നലെ ) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പാമ്പന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ ഏകദേശം 19 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ കഴിഞ്ഞ ആറുദിവസമായി വ്യാപക മഴയാണ് . തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ 23ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് അടുത്ത രണ്ട് ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്പെടുകയും ചെയ്യും.
നിലവിൽ തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയില്‍ പല ജില്ലകളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ക്രമേണ ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തീരത്ത് തിരിച്ചെത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുനൽ വേലിയിൽ എല്ലാ സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.തെങ്കാശി, തൂത്തുക്കുടി ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.