ന്യൂഡൽഹി ; ഡൽഹിയിലേക്ക് വരുന്ന പ്രധാന ട്രെയിനുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ . ഡൽഹിയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന സമരങ്ങളും മറ്റും കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന.
മുംബൈ രാജധാനി, രാജേന്ദ്ര നഗർ-ന്യൂഡൽഹി തേജസ് രാജധാനി, സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കി റെയിൽവേ ബോർഡിന്റെ കോച്ചിംഗ് ഡയറക്ടറേറ്റ് ഉത്തരവിൽ പറയുന്നു.
ഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള റോഡുകളിൽ ശനിയാഴ്ച കടുത്ത ഗതാഗതക്കുരുക്കും തിരക്കും ഉണ്ടായാക്കേമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷനുകളിൽ എത്തുന്നതിലും പുറത്തുകടക്കുന്നതിലും യാത്രക്കാർക്ക് കാര്യമായ അസൗകര്യം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം വന്നതെങ്കിലും, ട്രെയിൻ റദ്ദാക്കലുകൾക്ക് ഈ പ്രതിഷേധങ്ങളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

