ലക്നൗ : ഉത്തർപ്രദേശിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്രസയിലെ ശുചിമുറിയിൽ 40 ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ബഹ്റൈച്ചിലെ പയാഗ്പൂർ തഹ്സിലിലെ പെഹൽവാര ഗ്രാമത്തിലെ പട്ടിഹാട്ട് പ്രവർത്തിച്ചിരുന്ന മദ്രസയാണ് എസ്ഡിഎം അശ്വിനി പാണ്ഡെയും പോലീസ് സംഘവും ചേർന്ന് റെയ്ഡ് ചെയ്തത് .
എസ്ഡിഎം എത്തിയപ്പോൾ മദ്രസ നടത്തിപ്പുകാരൻ ഗേറ്റ് തുറക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന്, പയാഗ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസിനെ വിളിച്ചുവരുത്തിയ ശേഷമാണ് എസ്ഡിഎം മദ്രസയിൽ പ്രവേശിച്ചത് . പരിശോധനയിൽ കുളിമുറിയിൽ ഒളിച്ചിരിക്കുന്ന 40 വിദ്യാർത്ഥികളെ കണ്ടെത്തി. മദ്രസ നടത്തിപ്പിന് സാധുവായ രേഖകളൊന്നും ഇല്ലെന്ന് കണ്ടെത്തിയതായി എസ്ഡിഎം പറഞ്ഞു. വിദ്യാഭ്യാസം നേടാനാണ് മദ്രസയിൽ എത്തിയതെന്നാണ് പെൺകുട്ടികൾ പറഞ്ഞത്.
മദ്രസയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ അവരുടെ വീടുകളിലേയ്ക്ക് മടക്കി അയച്ചതായി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ ഖാലിദ് പറഞ്ഞു. സാധുവായ രേഖകളില്ലാത്ത മദ്രസ അടച്ചുപൂട്ടാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.മദ്രസയ്ക്ക് വിദേശ ഫണ്ട് ഗണ്യമായി ലഭിക്കുന്നുണ്ടെന്ന് സംശയിക്കുന്നതിനാൽ, ധനസഹായത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും നടക്കുന്നുണ്ട്.

