സ്കൂളുകളിൽ പഠിപ്പിക്കുന്ന ചരിത്രം ഇന്ത്യയുടെ യഥാർത്ഥവും മഹത്തായതുമായ പൈതൃകത്തെ ശരിയായി ചിത്രീകരിക്കുന്നില്ലെന്ന് നടൻ ആർ മാധവൻ . ചരിത്ര പുസ്തകങ്ങളിൽ മുഗളന്മാരെക്കുറിച്ച് എട്ട് അധ്യായങ്ങൾ ഉള്ളപ്പോൾ ചോളരുടെ മഹത്തായ ദക്ഷിണേന്ത്യൻ സാമ്രാജ്യത്തെക്കുറിച്ച് ഒരു അദ്ധ്യായം മാത്രം ഉള്ളത് . എന്തുകൊണ്ടാണ് ഈ വേർതിരിവെന്നും അദ്ദേഹം ചോദിച്ചു.
ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചാൽ കുഴപ്പത്തിലാകുമെന്ന് അറിയാമെങ്കിലും ഈ ചോദ്യം ഉന്നയിക്കേണ്ടത് പ്രധാനമാണെന്ന് തനിക്ക് ഇപ്പോഴും തോന്നുന്നുവെന്നും സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ മാധവൻ പറഞ്ഞു.
‘ സ്കൂളിൽ പഠിക്കുമ്പോൾ ചരിത്ര പുസ്തകങ്ങളിൽ ബ്രിട്ടീഷുകാരെയും സ്വാതന്ത്ര്യസമരത്തെയും കുറിച്ച് നാല് അധ്യായങ്ങളും, ഹാരപ്പ, മോഹൻജൊദാരോ നാഗരികതയെക്കുറിച്ച് രണ്ട് അധ്യായങ്ങളും, മുഗളരെക്കുറിച്ച് എട്ട് അധ്യായങ്ങളും, ചോള, പാണ്ഡ്യ, പല്ലവ, ചേര തുടങ്ങിയ മഹത്തായ രാജവംശങ്ങളെക്കുറിച്ച് ഒരു അധ്യായമേ ഉണ്ടായിരുന്നുള്ളൂ.
മുഗളന്മാരും ബ്രിട്ടീഷുകാരും ഏകദേശം 800 വർഷം ഇന്ത്യ ഭരിച്ചു, എന്നാൽ ചോള സാമ്രാജ്യത്തിന്റെ പാരമ്പര്യം 2,400 വർഷം പഴക്കമുള്ളതാണെന്നും മാധവൻ പറഞ്ഞു. ചോള രാജവംശം ഒരു പ്രമുഖ സമുദ്ര ശക്തിയായിരുന്നു, അവരുടെ വ്യാപാരം റോമിലേക്ക് വ്യാപിച്ചു, അവർ കംബോഡിയയിലെ പ്രശസ്തമായ അങ്കോർ വാട്ട് ക്ഷേത്രവും നിർമ്മിച്ചു. ജൈനമതം, ബുദ്ധമതം, ഹിന്ദുമതം എന്നിവ ചൈനയിലെത്തി, തമിഴ് സംസ്കാരം എല്ലായിടത്തും വ്യാപിച്ചിരുന്നുവെന്ന് തെളിയിക്കുന്ന തരത്തിൽ തമിഴ് പദങ്ങൾ ഇപ്പോഴും കൊറിയയിൽ ഉപയോഗിക്കുന്നു. എന്നിട്ടും ആരാണ് ഈ പാഠ്യപദ്ധതി തീരുമാനിക്കുന്നത് ‘ – എന്നും മാധവൻ ചോദിച്ചു.

