ഇസ്ലാമാബാദ് : പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ വച്ചാണ് അജ്ഞാതർ ഹംസയ്ക്കെതിരെ വെടിയുതിർത്തത് . അക്രമികളുടെ വിവരങ്ങളോ, കൊലപാതകത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചോ ഉദ്യോഗസ്ഥർ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല.
പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഹംസ ബുർഹാൻ . ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വളരെ വർഷങ്ങളായി ചുക്കാൻ പിടിച്ച വ്യക്തിയുമാണ് ഹംസ . ജമ്മു കശ്മീരിലെ യുവാക്കളെ തീവ്രവാദത്തിലേക്കെത്തിച്ചതിനു പിന്നിലും ഹംസയായിരുന്നു.
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ രത്നിപോറ പ്രദേശത്തെ താമസക്കാരനായിരുന്നു ഹംസ . ഏഴ് വർഷം മുമ്പ് പാകിസ്ഥാൻ സന്ദർശിച്ച് അൽ-ബദർ ഭീകര സംഘടനയിൽ ഇയാൾ ചേർന്നതായി റിപ്പോർട്ടുണ്ട്.പിന്നീട് ഭീകര ഗ്രൂപ്പിന്റെ ഓപ്പറേഷണൽ കമാൻഡറായി മാറുകയും തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്തു. കൂടാതെ, ജമ്മു കശ്മീരിൽ ഗ്രൂപ്പിന്റെ ആയുധ വിതരണവും ഹംസയാണ് നടത്തിയിരുന്നത് .
2022-ൽ സർക്കാർ ഹംസയെ തീവ്രവാദിയായി പ്രഖ്യാപിച്ചു. പുൽവാമയിലും ദക്ഷിണ കശ്മീരിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരത വ്യാപിപ്പിക്കുന്നതിൽ പ്രധാനയും ഹംസ ബുർഹാൻ ആയിരുന്നു. ‘ഡിജിറ്റൽ റാഡിക്കലൈസേഷൻ’ വഴി കശ്മീർ യുവാക്കളെ തീവ്രവാദത്തിൽ എത്തിക്കാൻ ബുർഹാന് സാധിച്ചു.
2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുൽവാമയ്ക്ക് സമീപം ഇന്ത്യയുടെ സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് പുൽവാമ ആക്രമണം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബസിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. 40 സിആർപിഎഫ് ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കുകയും ഇന്ത്യ ബാലകോട്ട് വ്യോമാക്രമണം ഉൾപ്പെടെയുള്ള നയതന്ത്ര, സൈനിക പ്രതികരണങ്ങൾ നടത്തുകയും ചെയ്തു.

