തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിൽ അഞ്ച് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല .
പരോൾ സംബന്ധിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിശദമായ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാനും ആഭ്യന്തരമന്ത്രി അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് നിർദ്ദേശിച്ചു. റിപ്പോർട്ടിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി തുടർ നടപടികൾ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ജിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്ക് ജയിൽ വകുപ്പാണ് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാരാണ് അധികാരത്തിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തിടുക്കത്തിൽ പരോൾ അംഗീകരിച്ചത്. എല്ലാ പ്രതികൾക്കും 20 ദിവസത്തെ പരോളാണ് നൽകിയിരിക്കുന്നത് .
കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും, ശരത് ലാലും 2019 ഫെബ്രുവരി 17 നാണ് ക്രൂരമായി കൊല്ലപ്പെട്ടത് . കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകരെ സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
എന്നാൽ കുറ്റവാളികൾക്ക് എൽ ഡി എഫ് സർക്കാർ ആവർത്തിച്ച് പരോൾ നൽകുകയായിരുന്നു . ഇതിനെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളും കോൺഗ്രസ് നേതാക്കളും ശക്തമായി പ്രതിഷേധിച്ചു. എൽഡിഎഫ് സർക്കാർ തങ്ങൾക്ക് നീതി നിഷേധിച്ചുവെന്നും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ പ്രത്യേക താൽപ്പര്യം കാണിച്ചുവെന്നുമാണ് കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബങ്ങളുടെ ആരോപണം.
കേസിലെ പ്രതികൾക്ക് നൽകിയ പരോൾ നേരത്തെയും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കുറ്റവാളികൾക്ക് ആവർത്തിച്ച് പരോൾ നൽകുന്നതിനെതിരെ നിയമപരമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബങ്ങൾ.

