ന്യൂഡൽഹി : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് . ബിഹാറിലെ ചരിത്ര വിജയത്തോടെ ബിജെപി ബീഹാറിലെ ഏറ്റവും വലിയ പാർട്ടിയായി ഉയർന്നുവന്നു. മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ ഇത്തവണ ബിഹാറിലും ടിക്കറ്റ് പ്രഖ്യാപിക്കുന്നതിൽ ബിജെപി നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതിലൊന്നാണ് 25 വയസ്സുള്ള ബിഹാറി നാടോടി ഗായിക മൈഥിലി താക്കൂറിനെ മത്സരിപ്പിച്ചത്.
ഒരു റിയാലിറ്റി ഷോയിൽ റണ്ണറപ്പായ മൈഥിലി താക്കൂറിന് ധാരാളം ആരാധകരുണ്ടായിരുന്നു. പക്ഷേ, ആ കൊട്ടിഘോഷം വോട്ടുകളായി മാറുമോ എന്ന സംശയം എപ്പോഴും ഉണ്ടായിരുന്നു. ഇപ്പോൾ, അതേ മൈഥിലി താക്കൂർ തന്റെ കന്നി അങ്കത്തിൽ തന്നെ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ എന്ന ബഹുമതിയും മൈഥിലിയ്ക്ക് സ്വന്തമായി.
പി.യു.സി വിദ്യാഭ്യാസമുള്ള മൈഥിലി താക്കൂറിന് 25 വയസ്സ് മാത്രമേ ഉള്ളൂ. ദർഭംഗയിലെ അലിനഗറിൽ നിന്നാണ് ബിജെപി സ്ഥാനാർത്ഥിയായി മൈഥിലി മത്സരിച്ചത് . 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.
2000 ജൂലൈ 25 ന് മധുബാനിയിലാണ് മൈഥിലി താക്കൂർ ജനിച്ചത്. പിന്നീട് മൈഥിലി താക്കൂറിന്റെ കുടുംബം ഡൽഹിയിലെ നജഫ്ഗഡിലേക്ക് താമസം മാറി. അച്ഛന് ജോലി നഷ്ടപ്പെട്ടതിനാൽ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. ക്ലാസിക്കൽ ഗായകനായിരുന്ന പിതാവ് കുടുംബം പോറ്റാൻ സംഗീതത്തിലേക്ക് തിരിഞ്ഞു. മൈഥിലിയുടെ ഉപദേഷ്ടാവും ഗുരുവും കൂടിയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിനും നാടോടി സംഗീതത്തിനും പേരുകേട്ട മൈഥിലി, സരി ഗ മ പ ലിറ്റിൽ ചാംപ്സ്, ഇന്ത്യൻ ഐഡൽ ജൂനിയർ തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. 2021-ൽ മൈഥിലിക്ക് സംഗീത നാടക അക്കാദമി ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യയിലെ യുവ കലാകാരന്മാർക്ക് നൽകുന്ന ഏറ്റവും വലിയ അവാർഡാണിത്.

