ന്യൂഡൽഹി : നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ച് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് . എന്നാൽ ജന്തർമന്ദറിൽ സമരം തുടരുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ കലാപം അഴിച്ചുവിട്ട അക്രമിസംഘം പറയുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നാണ് സംഘം പറയുന്നത്.
‘26 ദിവസത്തിന് ശേഷം സോനം സർ നിരാഹാര സമരം അവസാനിപ്പിച്ചതിൽ ഞങ്ങൾക്ക് ആശ്വാസവും നന്ദിയുമുണ്ട്. നിങ്ങളുടെ അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി. നിങ്ങളുടെ സ്വന്തം ജീവൻ പണയപ്പെടുത്തി, ഒരു രാജ്യത്തിന്റെ മുഴുവൻ മനസ്സാക്ഷിയെയും നിങ്ങൾ ഉണർത്തി. നിങ്ങളുടെ ജീവിതം ഈ രാജ്യത്തിന് വളരെ വിലപ്പെട്ടതാണ്. ജന്തർ മന്തറിൽ പ്രതിഷേധം ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ തുടരും,’ എന്നാണ് സമരം നടത്തുന്നവർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പ്.
വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചതോടെ പ്രക്ഷോഭം അവസാനിക്കില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത് . നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിലും ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിലും പ്രതിഷേധിച്ചാണ് വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക്ക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചത്. സർക്കാരുമായുള്ള നീണ്ട ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചത്. നേരത്തെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 എംപിമാർ എന്നെ സന്ദർശിക്കുകയും ഉപവാസം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കത്തുകളിൽ ഒപ്പിടുകയോ ചെയ്തിരുന്നു. വിവിധ വ്യവസ്ഥകളെക്കുറിച്ചും രാജ്യത്ത് ഉണ്ടാകാൻ സാധ്യതയുള്ള അക്രമങ്ങളെക്കുറിച്ചും നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇത് ചെയ്തത്. ഒരു പ്രത്യേക വീഡിയോയിൽ ഞാൻ ഉടൻ തന്നെ സ്ഥിതിഗതികൾ വിശദമായി വിശദീകരിക്കും. അതേസമയം, ഒരു തരത്തിലുള്ള അക്രമവും എവിടെയും അനുവദിക്കാതിരിക്കാൻ എല്ലാവരും വളരെ ജാഗ്രത പാലിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,’ വാങ്ചുക്ക് എക്സിലെ പോസ്റ്റിൽ പറഞ്ഞു.

