ന്യൂഡൽഹി: അർദ്ധരാത്രി സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ലൈവിൽ വന്ന് രാജ്യത്തിന് സുപ്രധാന സന്ദേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരപരീക്ഷകൾ രാജ്യത്തെ യുവാക്കളുടെ ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കുറ്റമറ്റ രീതിയിൽ അവ നടത്തുക എന്നത് എല്ലാ കാലത്തും സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലക്ഷക്കണക്കിന് യുവാക്കളുടെ അമൂല്യമായ പ്രയത്നമാണ് ഓരോ മത്സരപരീക്ഷകളിലൂടെയും ഫലപ്രാപ്തി നേടുന്നത്. രാജ്യം അത് കാണുന്നു. യുവാക്കളുടെ അധ്വാനത്തെ നിസ്സാരവത്കരിക്കാൻ ആരെയും അനുവദിക്കില്ല. പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദികളായ ആരെയും വെറുതെ വിടില്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കും. അതിനായി ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിതമാകുകയാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. കൂടാതെ, ഇന്ന് നടക്കുന്ന ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനത്തിന് കാതോർക്കാനും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതായി മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോനം വാംഗ്ചുക്ക് വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാംഗ്ചുക്ക് സമരം അവസാനിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. ജെ പി നദ്ദ നൽകിയ ജ്യൂസ് കുടിച്ചാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. വാംഗ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോയും ആശുപത്രിയിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

