ന്യൂഡൽഹി : നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യ ഒപ്പമുണ്ടാകുമെന്നും നരേന്ദ്രമോദി എക്സിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞു.
ഒലി സർക്കാരിന്റെ പതനത്തിനു പിന്നാലെയാണ് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാർക്കി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തെ ആദ്യത്തെ വനിതാ മേധാവിയും അഴിമതിരഹിത ഭരണം ആഗ്രഹിക്കുന്ന ജനങ്ങൾക്ക് പ്രതീക്ഷയുമാണ് സുശീല.
നേപ്പാളിലെ ഇടക്കാല സർക്കാർ രൂപീകരണത്തെ ഇന്ത്യ സ്വാഗതം ചെയ്യുകയും സമാധാനവും സ്ഥിരതയും വളർത്തിയെടുക്കാൻ ഇത് സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
“ഒരു അടുത്ത അയൽക്കാരൻ, സഹ ജനാധിപത്യം, ദീർഘകാല വികസന പങ്കാളി എന്നീ നിലകളിൽ, നമ്മുടെ രണ്ട് ജനതയുടെയും രാജ്യങ്ങളുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി ഇന്ത്യ നേപ്പാളുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരും,” വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അഴിമതി വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ജെൻ-ഇസഡ് പ്രതിഷേധക്കാരുടെ പിന്തുണയും സുശീല കാർക്കിക്ക് ഉണ്ട്. സോഷ്യൽ മീഡിയ നിരോധനത്തിലൂടെ ഒലി സർക്കാർ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞതിനെത്തുടർന്നാണ് കഴിഞ്ഞയാഴ്ച പ്രതിഷേധങ്ങൾ അക്രമാസക്തമായത്. പാർലമെന്റ് ഉൾപ്പെടെ നിരവധി സർക്കാർ കെട്ടിടങ്ങളും നേതാക്കളുടെ സ്വകാര്യ വസതികളും ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു.
ഒലിയെ രക്ഷപ്പെടുത്തിയ ശേഷം സൈന്യം ക്രമസമാധാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നാലെ നേപ്പാളിലെ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി, രാജ്യത്തെ നയിക്കാനുള്ള ഏറ്റവും ജനപ്രിയ നേതാവായി ഉയർന്നുവന്നു. ജെൻ-ഇസഡ് ജനങ്ങളുടെ പരസ്യ പിന്തുണയോടെ. ജെൻ-ഇസഡ് നേതാക്കൾ ഓൺലൈൻ പ്ലാറ്റ്ഫോമായ ഡിസ്കോർഡിൽ നടന്ന പൊതു വോട്ടിലൂടെയാണ് അവരെ തിരഞ്ഞെടുത്തത്.ക്രമസമാധാനം പുനഃസ്ഥാപിക്കുക, തിരഞ്ഞെടുപ്പ് നടത്തുക, നേപ്പാളിന്റെ വികസനം ഉറപ്പാക്കുക എന്നിവയാണ് ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സുശീല കാർക്കി ലക്ഷ്യമിടുന്നത്.പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനായി 2026 മാർച്ച് 5 ന് നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും.

