പ്രയാഗ് രാജ് : തെലുങ്ക് താരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്തു. ഭാര്യ അന്ന ലെഷ്നേവയ്ക്കും മൂത്ത മകൻ അകിര നന്ദനുമൊപ്പമുള്ള പ്രയാഗ്രാജിലെ ചില ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു.
ശ്രീരാമ ചിത്രമുള്ള ഷാൾ ധരിച്ച് കാവി മുണ്ട് ധരിച്ചാണ് പവൻ കല്യാൺ ത്രിവേണീ സംഗമത്തിൽ ഇറങ്ങിയത് . ആരതി നടത്തുന്നതിന്റെയും , ഭാര്യയ്ക്ക് സിന്ദൂരം തൊട്ട് നൽകുന്നതിന്റെയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
മഹാകുംഭമേളയെ മൃത്യൂകുംഭമേള എന്ന് വിളിച്ച മമത ബാനർജിയെയും അദ്ദേഹം വിമർശിച്ചു . ‘ മുമ്പ് ഞാൻ കുംഭമേള സന്ദർശിച്ചിട്ടുണ്ടെങ്കിലും, മഹാകുംഭ വേളയിൽ മുങ്ങിക്കുളിക്കുക എന്നത് പതിറ്റാണ്ടുകളായി എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, ഇന്ന് അത് ഒടുവിൽ യാഥാർത്ഥ്യമായി.
നൂറ്റാണ്ടുകളായി ഈ പാരമ്പര്യത്തെ സജീവമായി നിലനിർത്തുന്നത് സനാതന ധർമ്മത്തിന്റെ അചഞ്ചലമായ വിശ്വാസമാണ്. നമ്മുടെ പൈതൃകത്തിന്റെയും സനാതന സംസ്കാരത്തിന്റെയും മഹത്വം, ഇത്രയും വിശാലവും സമാധാനപരവുമായ ഒരു പരിപാടി അതിയായ ഭക്തിയോടെയും മഹത്വത്തോടെയും തുടരുന്നു എന്നതാണ്, പൂർണ്ണമായും ജനങ്ങളുടെ വിശ്വാസത്തിന്റെ ശക്തിയാണിത്. മുതിർന്ന രാഷ്ട്രീയക്കാർ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത് . യോഗിജി ഇവിടെ വളരെ നല്ല സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് ‘ പവൻ കല്യാൺ പറഞ്ഞു.