അജിത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലിയിൽ’ തൻ്റെ മൂന്ന് ഗാനങ്ങൾ സമ്മതമില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് സംഗീതജ്ഞൻ ഇളയരാജ . അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഏഴ് ദിവസത്തിനകം ചിത്രത്തിലെ ഗാനങ്ങൾ നീക്കം ചെയ്യണമെന്നും ഇളയരാജ ആവശ്യപ്പെട്ടു.
വ്യവസ്ഥകൾ അംഗീകരിക്കാത്തത് ശക്തമായ നിയമനടപടികൾ ക്ഷണിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമ്മതമില്ലാതെ തൻ്റെ പാട്ടുകൾ ഉപയോഗിച്ചതിന് സിനിമാ പ്രവർത്തകർക്കെതിരെ നേരത്തെയും ഇളയരാജ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏപ്രിൽ 10നാണ് ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ഈ വിഷു സീസണിലെ വൻ വിജയമായി ഉയർന്നുവന്നു. ചിത്രം കേരളത്തിൽ പോലും ജനപ്രീതിയിൽ കുതിച്ചുയരുകയാണ്. അജിത്തിൻ്റെ അവസാന ചിത്രമായ വിടമുയാർച്ചിയുടെ മൊത്തം കളക്ഷൻ വെറും 136 കോടി രൂപയാണ്. വെറും നാല് ദിവസം കൊണ്ടാണ് ‘ഗുഡ് ബാഡ് ആൻഡ് അഗ്ലി’ ഇതിനെ മറികടന്നത്.