ഇസ്ലാമാബാദ്: കശ്മീർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് .”കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ” മുസാഫറാബാദിൽ നടന്ന പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ) നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ് . ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റണമെന്നും ഇക്കാര്യത്തിൽ ചർച്ചകൾ ആരംഭിക്കണമെന്നും ഷെരീഫ് പറഞ്ഞു.
‘ കശ്മീർ ഐക്യദാർഢ്യ ദിനം’ എന്നത് കശ്മീരികൾക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിനായി പാകിസ്ഥാൻ സംഘടിപ്പിക്കുന്ന ഒരു വാർഷിക പരിപാടിയാണ്. കശ്മീർ ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു . ഇന്ത്യ 2019 ഓഗസ്റ്റ് 5 ലെ മാനസികാവസ്ഥയിൽ നിന്ന് മാറി ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയും ഇക്കാര്യത്തിൽ ചർച്ചകൾ ആരംഭിക്കുകയും വേണം.
1999-ലെ ലാഹോർ പ്രഖ്യാപനത്തിൽ എഴുതിയതുപോലെയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പാകിസ്ഥാൻ സന്ദർശന വേളയിൽ അംഗീകരിച്ചതുപോലെയും, പാകിസ്ഥാനും ഇന്ത്യയ്ക്കും മുന്നിലുള്ള ഏക മാർഗം ‘സംവാദത്തിലൂടെ’ മാത്രമാണ്. സമാധാനമാണ് പുരോഗതിയിലേക്കുള്ള പാത. ഇന്ത്യ ആയുധങ്ങൾ ശേഖരിക്കുന്നത് കൊണ്ട് കശ്മീരിലെ സമാധാനമോ ജനങ്ങളുടെ ഭാവിയോ മാറ്റാൻ കഴിയില്ലെന്നും ഷെരീഫ് പറഞ്ഞു.