ന്യൂഡൽഹി: പൊതു പരീക്ഷാ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾ തടസ്സപ്പെടുത്തി പ്രതിപക്ഷം . പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ലോക്സഭ വൈകിട്ട് അഞ്ച് വരെ നിർത്തി വച്ചിരുന്നു. ബില്ലിന് വലിയ പ്രാധാന്യമുണ്ടെന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിർഭാഗ്യകരമാണെന്നും സഭയിൽ സംസാരിച്ച കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധങ്ങൾക്കിടയിലാണ് പൊതു പരീക്ഷാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
ഡൽഹിയിൽ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി. സ്പീക്കർ ഓം ബിർള ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ എംപിമാർ പ്രതിഷേധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു . വൈകുന്നേരം 5 മണിയോടെ ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിച്ചപ്പോൾ, പ്രതിപക്ഷം വീണ്ടും മുദ്രാവാക്യങ്ങൾ വിളിച്ചു, സഭ തടസ്സപ്പെടുത്തി, തുടർന്ന് ലോക്സഭ പിരിഞ്ഞു.

