പട്ന : യൂട്യൂബ് വീഡിയോ നോക്കി വ്യാജ ഡോക്ടർ സിസേറിയൻ നടത്തിയതിന് പിന്നാലെ ഗർഭിണിയ്ക്ക് ദാരുണാന്ത്യം . ബീഹാറിലെ ഭഗൽപൂർ ജില്ലയിലാണ് സംഭവം . കഹൽഗാവ് ബ്ലോക്കിലെ ഏകാരി പ്രദേശത്ത്, ശ്രീമത് സ്ഥാനിൽ താമസിക്കുന്ന സ്വാതി ദേവിയാണ് മരിച്ചത് .
വ്യാഴാഴ്ച രാത്രി, സ്വാതി ദേവിക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോൾ, ഗ്രാമത്തിലെ ഒരു ആശാ പ്രവർത്തകയുടെ ഉപദേശപ്രകാരം ഭർത്താവ് സ്വാതിയെ അമർ കുമാർ മണ്ഡൽ എന്ന ഡോക്ടറുടെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. 30,000 രൂപയ്ക്ക് സിസേറിയൻ നടത്താമെന്നായിരുന്നു ഡോക്ടർ ഉറപ്പ് നൽകിയത് .സമ്മതപത്രം ഒപ്പിട്ട് വാങ്ങിയ ശേഷം, മൊബൈൽ ഫോണിൽ യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ ആരംഭിച്ചതായും കുടുംബം ആരോപിക്കുന്നു.
യൂട്യൂബ് നോക്കിയാണ് ഡോക്ടർ സിസേറിയൻ നടത്തിയതെന്നും ശിശുവിനെ സുരക്ഷിതമായി പുറത്തെടുത്തെങ്കിലും ഇതിനിടെ സ്വാതിയ്ക്ക് അമിതമായി രക്തസ്രാവം ഉണ്ടാകുകയും മരിക്കുകയുമായിരുന്നു . രോഗിയുടെ നില ഗുരുതരമാണെന്ന് ഭർത്താവിനോട് പറഞ്ഞ ഡോക്ടർ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയും ക്ലിനിക്കിൽ നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു.
പിന്നീടേ നേഴ്സുമാരാണ് സ്വാതി മരിച്ച വിവരം കുടുംബത്തെ അറിയിച്ചത് . സംഭവത്തിനുശേഷം, രോഷാകുലരായ കുടുംബാംഗങ്ങളും ഗ്രാമവാസികളും മൃതദേഹം ക്ലിനിക്കിന് പുറത്ത് വച്ച് പ്രതിഷേധിച്ചു.
ഇത് ആദ്യത്തെ സംഭവമല്ലെന്ന് നാട്ടുകാർ പറയുന്നു. മുൻപും ഇവിടെ ചികിത്സകളും ശസ്ത്രക്രിയകളും യൂട്യൂബിനെ അടിസ്ഥാനമാക്കിയാണ് നടത്തിയിരുന്നത്, എന്നാൽ ഓരോ തവണയും കേസ് മൂടിവയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

