ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികളും നടക്കുന്ന സമരങ്ങൾക്ക് കൃത്യമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർക്കാൻ രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും , യുവാക്കളുടെ ഭാവി നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് മോദി ഉറപ്പുനൽകി.
യുവജനക്ഷേമത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ഭാവി രാജ്യത്തിന്റെ ഏറ്റവും വലിയ സ്വത്താണെന്നും അത് നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മോദി പറഞ്ഞു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കും . ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള താക്കീതാകും ഇത്തരക്കാർക്കുള്ള ശിക്ഷ. നീറ്റ് ഉൾപ്പെടെ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പരീക്ഷാ സമ്പ്രദായത്തിൽ സുതാര്യത ഉറപ്പാക്കുകയും വിദ്യാർത്ഥികളുടെ വിശ്വാസം വീണ്ടെടുക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

