ബോക്സിംഗ് ഡേ ടെസ്റ്റിൽ സെഞ്ച്വറി നേടി മകൻ ചരിത്രം സൃഷ്ടിച്ചപ്പോൾ കണ്ണീരിനാൽ കാഴ്ച്ച മറഞ്ഞിരിക്കുകയായിരുന്നു ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ പിതാവ് മുത്തിയാല റെഡ്ഡി.
സ്കോട്ട് ബോളണ്ടിന്റെ പന്തിൽ നിതീഷ് ബൗണ്ടറിയടിച്ച് സെഞ്ച്വറി തികച്ചപ്പോൾ മുത്തിയാല റെഡ്ഡി കരയുകയായിരുന്നു. ഇത് കണ്ട് ഗ്യാലറിയിൽ അദ്ദേഹത്തിന്റെ അടുത്തിരുന്നവരും അദ്ദേഹത്തെ ചേർത്ത് പിടിച്ചു. ആരുടെയും ഹൃദയം നിറയ്ക്കുന്ന ഈ കാഴ്ച്ച സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
‘ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട ദിവസമാണിത് . ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല .14 വയസ് മുതൽ സ്ഥിരതയോടെയാണ് നിതീഷ് കളിക്കുന്നത് . ആ പ്രകടനം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ എത്തി നിൽക്കുന്നു . ഏറ്റവും പ്രിയപ്പെട്ട നിമിഷമാണിത് സംശയമില്ല . വിക്കറ്റുകൾ തുടർച്ചയായി വീണപ്പോൾ ഭയമുണ്ടായിരുന്നു. ഒറ്റ വിക്കറ്റ് മാത്രമല്ലേ ശേഷിച്ചത്. സിറാജ് ഓസീസ് ബൗളിങ്ങിനെ പ്രതിരോധിച്ചുനിന്നതിന് നന്ദി’, മുത്തിയാല റെഡ്ഡി പറഞ്ഞു.