ന്യൂയോർക്ക് : യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട തുൾസി ഗബ്ബാർഡിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സമൂഹമാദ്ധ്യമത്തിൽ തുൾസിയ്ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ചാണ് നിർമ്മലയുടെ കുറിപ്പ്.
” യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുപ്പെട്ട തുളസി ഗബ്ബാർഡിന് അഭിനന്ദനങ്ങൾ. ആർമി റിസർവിൽ ലെഫ്.കേണലായി. 21 വർഷത്തോളം നിങ്ങൾ യുഎസ്എയ്ക്ക് വേണ്ടി സൈനികസേവനം നടത്തി. പരസ്പരം അടുത്ത് ഇടപെടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ ആത്മാർത്ഥതയും അർപ്പണബോധവും കൃത്യതയുമെല്ലാം വളരെ പ്രശംസ അർഹിക്കുന്നു. “ എന്നും നിർമ്മല സീതാരാമൻ കുറിച്ചു.
ഡെമോക്രാറ്റിക് അനുഭാവിയായിരുന്ന തുൾസി 2013 മുതൽ 202 വരെ ഹവായിയിൽ പാർട്ടിയുടെ കോൺഗ്രസ് വുമണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2019ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറിയിൽ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാർഡ് മത്സരിച്ചിട്ടുണ്ട്. തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപ് തുൾസിയെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി പ്രഖ്യാപിച്ചത്.
പുതിയ പദവിയിലെത്തുന്നതോടെ 18 രഹസ്യാന്വേഷണ ഏജൻസികളുടെ ഏകോപനത്തിന് തുളസി മേൽനോട്ടം വഹിക്കും. ഇരുപത് വർഷത്തിലേറെ യുഎസ് മിലിറ്ററിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് തുൾസി. യുഎസ് പാർലമെന്റിലെ ഹിന്ദുമതവിശ്വാസിയായ ആദ്യ അംഗമാണ് തുൾസി. ഗബ്ബാർഡിന്റെ അമ്മ കരോൾ പോർട്ടൽ യുഎസ് പൗരയാണെങ്കിലും ഹൈന്ദവ വിശ്വാസിയാണ്. ഹവായിയിൽ നിന്നുള്ള അംഗമായ തുൾസി ഭഗവദ്ഗീതയിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.